കലിഫോർണിയ: കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രൂപ്പ് കോളിംഗ് ആപ്പുകൾക്ക് ആവശ്യക്കാരേറുന്നത് പരിഗണിച്ചു ഗ്രൂപ്പ് കോളിംഗ് സംവിധാനം വിപുലമാക്കി വാട്സ്ആപ് .
കോൾ ചെയ്യുന്ന ആളുൾപ്പെടെ എട്ടുപേർക്കു ഗ്രൂപ്പ് വീഡിയോ- ഓഡിയോ കോളുകൾ ചെയ്യാവുന്ന തരത്തിലുള്ള അപ്ഡേഷനാണ് കന്പനി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, പുതിയ അപ്ഡേഷൻ ലോക വ്യാപകമായി ലഭിക്കാൻ ഏതാനും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഏതാനും സ്ഥലങ്ങളിൽ പുതിയ അപ്ഡേഷൻ ലഭിച്ചതായി റിപ്പോർട്ടുണ്ട്. നേരത്തെ നാലുപേർക്കു പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിംഗ് സംവിധാനമാണ് വാട്സ്ആപ്പിലുണ്ടായിരുന്നത്.
വാട്സ്ആപ്പിന്റെ മാതൃ കന്പനിയായ ഫേസ്ബുക്കും കഴിഞ്ഞ ദിവസം 50 പേർക്കു പങ്കെടുക്കാവുന്ന – മെസഞ്ചർ റൂം ഫീച്ചർ അവതരിപ്പിച്ചിരുന്നു.
ചൈനീസ് ആപ്ലിക്കേഷൻ ആയ സൂമിനോടു മത്സരിക്കാൻ സമയപരിധിയില്ലാത്ത കോളിംഗ് ഫീച്ചറാണ് മെസഞ്ചർ റൂമിൽ കന്പനി വാഗ്ദാനം ചെയ്യുന്നത്. വൈകാതെ മെസഞ്ചർ റൂം വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും കൊണ്ടുവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു.