പുതുവര്‍ഷ രാവില്‍ ഇന്ത്യക്കാര്‍ ശരിക്കും വാട്ട്സ്ആപ്പില്‍ കൊണ്ടാടിയപ്പോള്‍ പിറന്നത് ഇതുവരെ ആരും എത്തിപ്പിടിക്കാത്ത റെക്കോര്‍ഡ്. പുതുവത്സരാശംസ നേര്‍ന്ന് രാജ്യത്തെ വാട്ട്സ്ആപ്പ് യൂസര്‍മാര്‍ പരസ്പരം കൈമാറിയത് 14 ബില്യണ്‍ (1400 കോടി) സന്ദേശങ്ങള്‍.
പുതുവര്‍ഷ രാവില്‍ ഇത്രയധികം സന്ദേശങ്ങള്‍ കൈമാറുന്നത് ഇതാദ്യമാണെന്ന് വാട്സ്ആപ്പ് തന്നെ തുറന്നുസമ്മതിക്കുന്നു. കഴിഞ്ഞ ദീപാവലി ദിനത്തില്‍ കൈമാറിയ 800 കോടി സന്ദേശങ്ങളുടെ റെക്കോര്‍ഡ് ആണ് ഇതോടെ പഴങ്കഥയായത്.
310 കോടി ഇമേജുകളും 70 ജിഫുകളും 61 കോടി വീഡിയോകളും അയച്ച സന്ദേശങ്ങളില്‍ പെടുന്നു. 32 ശതമാനം സന്ദേശങ്ങളുടെയും ഉറവിടം മീഡിയ ഔട്ട്ലെറ്റുകളായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ആയ വാട്സ്ആപ്പ് 2010ലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 16 കോടി പ്രതിമാസ ആക്ടീവ് യൂസര്‍മാരെന്ന നാഴിക കല്ല് അടുത്തിടെയാണ് കമ്പനി മറികടന്നത്. മറ്റൊരു തരത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ യൂസര്‍മാര്‍ ഉള്ളതും ഇന്ത്യയില്‍ തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാട്സ്ആപ്പിലെ പ്രതിമാസ ആക്ടീവ് യൂസര്‍മാരുടെ എണ്ണം പ്രതിമാസം 35 ലക്ഷം എന്ന നിരക്കില്‍ 9 കോടി വര്‍ദ്ധിച്ചു.