തൃശൂർ: ആപ്പിൾ ആപ്സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷൻ ലിസ്റ്റിൽ സിഗ്നൽ ആപ്പ് ഒന്നാമെത്തിയതിനു പിന്നാലെ പ്രൈവസി പോളിസിയിൽ കൊണ്ടുവരാനുദ്ദേശിച്ച മാറ്റത്തിൽനിന്നു പിൻമാറി വാട്സാപ്പ്.
പുതിയ നയം ചാറ്റുകളെ ബാധിക്കില്ലെന്നും ബിസിനസ് അക്കൗണ്ടുകൾക്കു മാത്രമായിരിക്കും ബാധകമായിരിക്കുകയെന്നുമാണ് വാട്സാപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളിൽനിന്നു ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
പുതിയ പ്രൈവസി പോളിസി ഫെബ്രുവരി എട്ടിനു നിലവിൽ വരുമെന്നാണ് വാട്സാപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ വാട്സാപ്പ് ഉപഭോക്താക്കൾക്കു ലഭിച്ചിരുന്നു.
ലോട്ടറിയടിച്ച് സിഗ്നൽ
സ്വകാര്യത ഇല്ലാതാക്കുന്ന വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി പരിഷ്കരണം ചർച്ചയായപ്പോൾ ലോട്ടറിയായത് ഓപ്പണ്‍ സോഴ്സ് മെസേജിംഗ് ആപ്പായ സിഗ്നലിനായിരുന്നു.
ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്സ്റ്റോറിലും കോടിക്കണക്കിനു പുതിയ ഡൗണ്‍ലോഡുകളാണ് ദിവസങ്ങൾകൊണ്ട് സിഗ്നലിനു ലഭിച്ചത്. ആപ്പിൾ ആപ്സ്റ്റോറിലെ ഫ്രീ ആപ്പ് ലിസ്റ്റിൽ ആദ്യമായി ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ് സിഗ്നൽ.
ഒരാഴ്ച മുന്‍പ് 968-ാം സ്ഥാനത്തായിരുന്ന നിലയിൽനിന്നാണ് വൻ കുതിപ്പു നടത്തി സിഗ്നൽ ഒന്നാമതെത്തിയത്. ഇതുവരെ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന വാട്സാപ്പ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
വാട്സാപ്പിനു പകരക്കാരെ തേടിയ സൈബർ ലോകം കൂടുതൽ സൗകര്യങ്ങളുള്ള സിഗ്നലിനെ ബദലായി തെരഞ്ഞെടുക്കുകയായിരുന്നു. ട്രാഫിക് കൂടിയതോടെ സിഗ്നലിന്റെ സെർവറിനു പ്രതിസന്ധി നേരിടുകയും വെരിഫിക്കേഷൻ നടപടികൾ വൈകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓപ്പണ്‍ സോഴ്സ് എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷൻ, സ്ക്രീൻ സെക്യൂരിറ്റി, ഗ്രൂപ്പ് ചാറ്റ് സെക്യൂരിറ്റി എന്നിവ സിഗ്നൽ ഉറപ്പു നൽകുന്നു. ഇതാണ് ഉപഭോക്താക്കളെ ബദൽ എന്ന രീതിയിൽ സിഗ്നലിലേക്കു കൂടുതൽ അടുപ്പിക്കുന്നത്.
പോളിസി പിൻമാറ്റത്തിലും ആശങ്ക
കളി കൈവിട്ടുവെന്നു തോന്നിയപ്പോഴാണ് വാട്സാപ്പ് പുതിയ നയം നടപ്പാക്കുന്നതിൽനിന്നു പിൻവാങ്ങിയത്. എന്നാൽ വാട്സാപ്പ് പിൻമാറിയാലും ഇതു സംബന്ധിച്ച് ഉപഭോക്താക്കളുടെ ആശങ്ക തീരുന്നില്ലെന്നതാണ് യാഥാർഥ്യം.
ഓപ്പണ്‍ കോഡിംഗ് ആയതിനാൽ സിഗ്നലിലെ പ്രൈവസി പോളിസി വിദഗ്ധരായ ഉപഭോക്താക്കൾക്ക് പരിശോധിച്ച് അറിയാൻ കഴിയും. എന്നാൽ വാട്സാപ്പിൽ സീക്രട്ട് കോഡിംഗ് ആയതിനാൽ ഇക്കാര്യം പരിശോധിക്കാനുള്ള സാധ്യതയില്ലെന്നു വിമർശനമുണ്ട്.
വാട്സാപ്പ് പോലുള്ള ഒരു മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഉപഭോക്താവ് സ്വാഭാവികമായും ഗാലറി, കോണ്ടാക്ട്, ലൊക്കേഷൻ തുടങ്ങിയവയുടെ ആക്സസ് നല്‍കേണ്ടതായുണ്ട്.
ഈ വിവരങ്ങൾ വാട്സാപ്പ് നേരത്തെയും ഉപയോഗിച്ചിരുന്നെങ്കിലും അവ പരസ്യമാക്കിയിരുന്നില്ല. അതിനാൽതന്നെ ഉപഭോക്താവിനു നിയമനടപടി സ്വീകരിക്കാനുള്ള അവസരം ഉണ്ടായിരുന്നു.
എന്നാൽ പുതിയ പ്രൈവസി പോളിസി പരിഷ്കരണത്തിലൂടെ ഡേറ്റ എടുത്തുപയോഗിക്കാനുള്ള സമ്മതം ഉപഭോക്താവിൽനിന്നു തന്നെ വാങ്ങുന്ന രീതിയാണ് വാട്സാപ്പ് ഉദ്ദേശിച്ചിരുന്നത്.
ഏറ്റവും സ്വകാര്യത ഉറപ്പു നൽകുന്ന പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഉപഭോക്താക്കളിലേറെയും വാട്സാപ്പിനെ കണ്ടിരുന്നത്. പോളിസി പരിഷ്കരണം വാർത്തയായതോടെ ഇത്തരം കാര്യങ്ങൾ സൈബർ ലോകത്തു ചർച്ചയായതു വാട്സാപ്പിനു തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.