ന്യൂയോർക്ക്: വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…അടുത്ത മാസം മുതൽ നിങ്ങളിൽ പലരുടെയും ഫോണിൽ ചിലപ്പോൾ വാട്സ്ആപ് പ്രവർത്തിച്ചേക്കില്ല. ആൻഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേർഷനുകൾ ഉപയോഗിക്കുന്ന ഫോണുകളിൽ ഫെബ്രുവരി ഒന്നിനു ശേഷം വാട്സ്ആപ് പ്രവർത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിൽ അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തിയാണ് ഈ ഫോണുകളിൽ വാട്സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളിൽ പറഞ്ഞ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും വാട്സ്ആപ് ലഭിക്കാൻ പുതിയ വേർഷനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്ഗ്രേഡ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്സ്ആപ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഐഫോൺ ഉപയോക്താക്കൾ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവിൽ ഐഒഎസ് 8 വേർഷനുകളിലുള്ള സേവനം ഫെബ്രുവരി ഒന്നു വരെ മാത്രമേ കാണുകയുള്ളുവെന്നും കമ്പനി അറിയിച്ചു.