ആലപ്പുഴ: വൈഎംസിഎ ഭാരവാഹികളെ അപകീർത്തിപ്പെടുത്തി വാട്സ്ആപ് സന്ദേശം അയച്ച വ്യക്തിക്കെതിരെ ക്രിമിനൽ കുറ്റം രജിസ്റ്റർ ചെയ്ത് ചാർജ് ഹാജരാക്കുവാൻ ക്രിമിനൽ നടപടി നിയമ പ്രകാരം ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
ജനറൽ സെക്രട്ടറി സമർപ്പിച്ച ഹർജിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി.കെ. മധുസൂദനൻ ഫയലിൽ സ്വീകരിച്ചത്. ഹർജി ഇനി ഡിസംബർ ഒന്നിനു വാദം കേൾക്കും. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ നെല്ലിമൂട്ടിൽ ലെബി ഫിലിപ്പാണ് പ്രതി.
ഇതേസമയം, ഭാരവാഹികളെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തൽ, വ്യക്തിഹത്യനടത്തുന്ന ഉൗമക്കത്ത് പ്രചരിപ്പിക്കൽ തുടങ്ങിയവയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള വിവിധ പരാതികൾ പോലീസിന്റെയും സൈബർ സെല്ലിന്റെയും അന്വേഷണത്തിലാണ്.
ലാൻഡ്ലൈനിൽ നിന്നു വിളിച്ചു ഭീഷണിപ്പെടുത്തിയത് ജോർജ് കെ. ജോണ് എന്നൊരാളാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഹർജിയോടൊപ്പം എക്സിബിറ്റായി സമർപ്പിക്കുന്നതിനായി വ്യാജരേഖ കെട്ടിച്ചമയ്ക്കുവാൻ ഗൂഡാലോചന നടത്തിയെന്ന് ആരോപണമുള്ള ഇതേ പേരുള്ള ഒരാൾക്കെതിരെ ഹൈക്കോടതിയിൽ നല്കിയ പരാതിയിലും അന്പേഷണം നടക്കുകയാണ്.