നിശ്ചിത ഇടവേളകളിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളാണ് ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്.
ടെലഗ്രാം ഉൾപ്പെടെ നിരവധി എതിരാളികളുള്ളതിനാൽ പുത്തൻ ഫീച്ചറുകളും സംവിധാനങ്ങളും കന്പനിയുടെ നിലനില്പിന് അത്യാവശ്യമാണു താനും. ഉടനെത്തുന്ന വാട്സ്ആപ്പിന്റെ ഏതാനും ഫീച്ചറുകളിലൂടെ..
ലാസ്റ്റ് സീനിൽ പുതിയ ഓപ്ഷൻ
ഏതെങ്കിലും ഒരു കോണ്ടാക്ടിനു മാത്രമായി ലാസ്റ്റ് സീൻ മറച്ചുവയ്ക്കാനുള്ള വാട്സ്ആപ്പ് ഫീച്ചർ പണിപ്പുരയിലാണ്.
ഈ ഫീച്ചർ എത്തുന്നതോടെ ഏതാനും ആളുകളെ ലാസ്റ്റ് സീൻ കാണുന്നതിൽനിന്ന് വിലക്കുന്പോൾതന്നെ മറ്റുള്ളവർക്ക് ലാസ്റ്റ് സീൻ കാണാനും സാധിക്കും.
നിലവിൽ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരിൽനിന്നോ എല്ലാവരിൽനിന്നോ മാത്രമായേ ലാസ്റ്റ് സീൻ മറച്ചുവയ്ക്കാൻ സംവിധാനമുള്ളു. പുതിയ ഫീച്ചർ വൈകാതെതന്നെ ആൻഡ്രോയിഡ് – ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും.
ഡിസപ്പിയറിംഗ് ഫീച്ചറിൽ പരിഷ്കാരം
നിലവിലുള്ള ഡിസപ്പിയറിംഗ് ഫീച്ചർ കൂടുതൽ പരിഷ്കരിച്ച് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കന്പനി.
ഈ ഫീച്ചർ എത്തുന്നതോടെ എല്ലാ പുതിയ ചാറ്റുകളും നിശ്ചിത സമയത്തിനുള്ളിൽ തനിയെ മാഞ്ഞു പോകുന്ന വിധത്തിൽ ക്രമീകരിക്കാനാകുമെന്നാണ് റിപ്പോർട്ട്.
നിലവിലെ ഏഴു ദിവസമെന്നുള്ള സമയപരിധിയിൽ കൂടുതൽ ഓപ്ഷനുകളും പുതിയ ഫീച്ചറിലുണ്ടാകും.
ഗ്രൂപ്പ് ഐക്കൺ എഡിറ്റർ
വളരെ വേഗം ഗ്രൂപ്പ് എക്കെണ് ഒരുക്കാനുളള സംവിധാനമാണിത്. ഗ്രൂപ്പ് എെക്കണായി ഇമേജ് ഉപയോഗിക്കാനില്ലാത്ത സാഹചര്യങ്ങളിൽ പുതിയ ഫീച്ചർ ഉപകാരപ്രദമാകും. ഐക്കണിന്റെ പശ്ചാത്തല നിറം മാറ്റാനുള്ള സൗകര്യവുമുണ്ടാകും.
ഇവയ്ക്കു പുറമേ ഗ്രൂപ്പ് ഇൻഫോപേജ് അടിമുടി പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് കന്പനിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കോൾ ബട്ടനും മറ്റും കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലെ നൽകി പേജ് ആകർഷകമാക്കാനാണ് പദ്ധതി.
ഹൈ റെസലൂഷൻ വീഡിയോ- ഇമേജ്
വാട്സ്ആപ്പിലൂടെ ഫോട്ടോയും വീഡിയോയും അയയ്ക്കുന്പോൾ അവയുടെ മിഴിവ് നഷ്ടപ്പെടുന്നത് ഉപയോക്താക്കളെ കുറച്ചൊന്നുമല്ല അലട്ടുന്നത്. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാനുള്ള തയ്യാറെടുപ്പിലാണ് കന്പനി.
ചിത്രങ്ങളും വീഡിയോകളും കൂടുതൽ മിഴിവോടെ
(ബെസ്റ്റ് ക്വാളിറ്റി മോഡ്), അല്ലെങ്കിൽ ഡേറ്റാ ലാഭിക്കത്തക്കവിധം കുറഞ്ഞ മിഴിവോടെ (ഡാറ്റാസേവർ മോഡ്) അയയ്ക്കാനുളള ഫീച്ചർ കന്പനി ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഓട്ടോ മോഡ് എന്നൊരു ഓപ്ഷൻകൂടി ഈ ഫീച്ചറിലുണ്ടാവും.
ഫോട്ടോയിൽനിന്ന് സ്റ്റിക്കർ
ചിത്രങ്ങൾ സ്റ്റിക്കർ ആക്കി മാറ്റാനുള്ള ഫീച്ചറിന്റെ പരീക്ഷണങ്ങളും വാട്സ്ആപ്പ് ബീറ്റാ വേർഷനുകളിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ സംവിധാനമെത്തുന്നതോടെ അയയ്ക്കാനുദ്ദേശിക്കുന്ന ചിത്രം സ്റ്റിക്കർ ആക്കി മാറ്റി അയ്ക്കാൻ സൗകര്യമുണ്ടാകും.