കണ്ണൂർ: ഭർത്താവുമായി നിരന്തരം ചാറ്റിംഗ് നടത്തുന്ന കൂട്ടുകാരിക്കെതിരേ സോഷ്യൽ മീഡിയയിലൂടെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് പ്രചാരണം നടത്തിയ സംഭവത്തിൽ മൂന്നുപേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
കണ്ണൂരിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരായ തൃശൂർ, കോഴിക്കോട് സ്വദേശികൾക്കെതിരേയാണ് കേസ്.
പ്രതികളിൽ ഒരാളായ യുവതിയുടെ ഭർത്താവുമായി പരാതികാരിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചതാണ് പുലിവാലായി മാറിയത്.
പ്രതിയുടെ വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന്റെ മൊബൈൽ ഫോണിൽ ചാറ്റിംഗ് വിവരങ്ങൾ അറിയുന്ന ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു വച്ചിരുന്നു.
ഇതിലൂടെയാണ് ഭർത്താവ് തന്റെ സുഹൃത്തായ യുവതിയുമായി ചാറ്റിംഗ് നടത്താറുണ്ടെന്ന് കണ്ടെത്തിയത്.തുടർന്ന്, സുഹൃത്തായ യുവതിക്കെതിരേ അശ്ലീല പ്രചാരണം നടത്തുകയായിരുന്നു.
ഇതിനെതിരേ യുവതി ടൗൺ പോലീസിൽ കേസ് നല്കുകയായിരുന്നു. അശ്ലീല പ്രചാരണം നടത്തിയ യുവതിയുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ് പ്രതികളായ മറ്റ് രണ്ടുപേരും.