കാലിഫോർണിയ: ഒരു വാട്സ്ആപ്പ് അക്കൗണ്ട് നാല് മൊബൈൽ ഫോണുകളിൽ നിന്ന് ഉപയോഗിക്കാവുന്ന അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ.
“കംപാനിയൻ മോഡ്’ എന്ന പേരിട്ട പുതിയ അപ്ഡേറ്റ് പ്രകാരം ഒരു അക്കൗണ്ട് പരമാവധി നാല് ഡിവൈസുകളിൽ നിന്ന് ആക്സസ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിൽ നിന്ന് വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്.
ഒരേ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യത്യസ്ത ഡിവൈസുകൾ പരസ്പരബന്ധിതം(ലിങ്ക്ഡ്) ആയിരിക്കും. അക്കൗണ്ട് ഉപയോഗിക്കുന്ന പ്രൈമറി ഡിവൈസിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാലും മറ്റ് ഡിവൈസുകളിൽ നിന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാം.
ഒരേ അക്കൗണ്ട് പല കംപ്യൂട്ടറുകളിൽ നിന്നും മൊബൈലുകളിൽ നിന്നും ഉപയോഗിക്കാനായി ഒടിപി സംവിധാനമാണ് ഉപയോഗിക്കുക. പ്രധാന ഡിവൈസിൽ നിന്ന് ലഭിക്കുന്ന ഒടിപി വഴിയോ ക്യൂആർ കോഡ് വഴിയോ കംപാനിയൻ അക്കൗണ്ട് ലിങ്ക് ചെയ്യാം.
കംപാനിയൻ സംവിധാനം ഉപയോഗിക്കാനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വെർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നും മെറ്റ കമ്പനി അറിയിച്ചു.