ലോകത്തെ ഏറ്റവും വലിയ ഉപ്പുമരുഭൂമിയായി അറിയപ്പെടുന്ന ബോളീവിയയിലെ സലർഡി ഉയുനി നടന്നു കീഴടക്കാനൊരുങ്ങി അന്ധയുവാവ്. ഫ്രാൻസിലെ അന്ധവിദ്യാർഥികൾക്കുള്ള സ്കൂളിൽ അധ്യാപകനായ അൽബാർ തെസിയർ ആണ് തന്റെ സാഹസയാത്ര ആരംഭിച്ചിരിക്കുന്നത്.
ദിനംപ്രതി 20 കിലോമീറ്റർ നടന്ന് ഏഴു ദിവസംകൊണ്ട് 140 കിലോമീറ്റർ പിന്നിടാനാണ് പദ്ധതി. ജിപിഎസ് വോയിസ് അസിസ്റ്റന്റ് മാത്രമാണ് ഈ യാത്രയിൽ അൽബാറിന് കൂട്ടായുണ്ടാകുക. എങ്കിലും മെഡിക്കൽ വിദഗ്ധരടങ്ങിയ സംഘം ആൽബാറിനെ നിശ്ചിത അകലം പാലിച്ച് പിൻതുടരും. വിശ്രമിക്കാനുള്ള സ്ലീപ്പിംഗ് ബാഗ്, കുടിവെള്ളം, ഭക്ഷണം എന്നിവ അൽബാറിന്റെ കൈവശമുണ്ട്.
സ്വപ്നം യാഥാർഥ്യമാക്കാൻ അന്ധത തടസമാകില്ലെന്നു തെളിയിക്കാനും ലോകമെന്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ഉൗർജം പകരാനുമാണ് തന്റെ ഉദ്യമമെന്ന് അൽബാർ പറഞ്ഞു. ലിഥിയം, ഉപ്പ് എന്നിവയാൽ സന്പുഷ്ടമാണ്, സമുദ്രനിരപ്പിൽനിന്നു 3650 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സലർ ഡി ഉയുനി..
ഉപ്പുമണലുകളുടെ സാന്നിധ്യംമൂലം തൂവെള്ള നിറമണിഞ്ഞിരിക്കുന്ന ഈ അതിശയ മരുഭൂമി ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്.