ഫേസ്ബുക്കിനോടുള്ള മത്സരം എന്ന രീതിയില്‍ തന്നെ നിരന്തരം പുതുമകള്‍ അവതരിപ്പിക്കുന്നവരാണ് വാട്ട്‌സ്ആപ്പ്. ഇപ്പോഴിതാ വളരെ ആകര്‍ഷകമായ മറ്റൊരു ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തിയിരിക്കുന്നു. ‘റാങ്കിംഗ്’ എന്നാണ് പുത്തന്‍ ഫീച്ചറിന്റെ പേര്.
റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകുമെന്നാതാണ് റാങ്കിംഗ് ഫീച്ചറിന്റെ സവിശേഷത. ഐഓഎസ് ബീറ്റാ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. അധികം താമസിക്കാതെ തന്നെ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
വാട്‌സ്ആപ്പ് ഉപയോക്താവ് ഏറ്റവും കൂടുതല്‍ തവണ ആരോടാണോ ചാറ്റ് ചെയ്തത് ആ കോണ്ടാക്ടിനെ കൂടുതല്‍ ലൈവായി നിര്‍ത്തുകയാണ് ഈ ഫീച്ചറിലുടെ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ചാറ്റ് ചെയ്ത സുഹൃത്ത് അപ്‌ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസും മറ്റ് അപ്‌ഡേഷനുമെല്ലാം വാട്‌സ്ആപ്പ് നിങ്ങളെ പ്രത്യേകമായി അറിയിക്കും.
ഇതിനായിട്ടുള്ള പ്രയോറിറ്റി വാട്‌സ്ആപ്പ് തന്നെ നിശ്ചയിക്കും. വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ അയച്ചാലാണ് പ്രയോറിറ്റി വര്‍ദ്ധിക്കുക. വാട്‌സ്ആപ്പ് കോളിംഗ് കൂടുതല്‍ വിളിക്കുന്നതും പ്രയോറിറ്റി കൂടാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഡാര്‍ക്ക് മോഡ് എന്നൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. പുതിയ ഫീച്ചര്‍ എല്ലാവരിലേക്കും ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമേ വാട്‌സ്ആപ്പ് ഇപ്പോള്‍ ലഭ്യമാവുകയുള്ളൂ.
കറുത്ത നിറമുള്ള ബാക്ക് ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ എഴുതി കാണിക്കുന്നതാണ് ഡാര്‍ക്ക് മോഡ്. ഇതുവരെ യൂസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വാട്‌സ്ആപ്പ് നടത്തിയിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്‌സ്ആപ്പ് അവസരം നല്‍കിയിരിക്കുന്നത്.