സ്വന്തംലേഖകന്‍
കോഴിക്കോട്: വാട്സ് ആപ്പ് ഹര്‍ത്താലിനെ തുടര്‍ന്നു ഗ്രൂപ്പ് അഡ്മിന്മാരെ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണം നിലച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലച്ചത്. ഗ്രൂപ്പുകളില്‍ വന്ന സന്ദേശങ്ങളില്‍ ചിലത് പോലീസ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുകയും അവയുടെ ഉറവിടം തേടി വാട്സ് ആപ്പ് അഡ്മിന്മാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു.
ഒരാഴ്ചയോളം ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇവ നിലച്ചു. പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വിളിച്ചറിയിച്ച നല്കിയ അഡ്മിന്മാര് പോലും ഇതുവരേയും ഹാജരായിട്ടില്ല. എന്നിട്ടും പോലീസ് ഇവരെ കുറിച്ച് അന്വേഷിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ തയാറാവുന്നില്ല.
അതേസമയം വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേ പോലീസ് നടപടി ആരംഭിച്ചതായി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച അഡ്മിനും ഇതുവരേയും ഹാജരായിട്ടില്ലെന്ന് നടക്കാവ് പോലീസ് അറിയിച്ചു. നടക്കാവ് പോലീസ് സ്റ്റേഷനില്‍ നിന്നും കൊടുങ്ങല്ലൂര്‍ സ്വദേശിയായ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ ബന്ധപ്പെടുന്നതിന്റെ ഓഡിയോയായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
പോലീസിനെതിരേ സംഘടിക്കുകയെന്ന ഉദ്യേശത്തോടെയാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു പോലീസും രഹസ്യാന്വേഷണ വിഭാഗവും വിലയിരുത്തുന്നത്. രാജേഷ് എന്ന പോലീസുകാരനാണ് ഗ്രൂപ്പ് അഡ്മിനെ വിളിച്ചു പോലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നറിയിച്ചത്. എന്നാല്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഒരാഴ്ചകഴിഞ്ഞിട്ടും പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടില്ല.
സമൂഹമാധ്യമങ്ങള്‍ വഴി വിവാദ പ്രസ്താവനകള്‍ നടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വാട്സ് ആപ്പ് അഡ്മിന്മാരെ മൊഴിയെടുക്കാന്‍ ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്നു പല ഗ്രൂപ്പുകളിലും വിവാദ പ്രസ്താവനകള്‍ പാടില്ലെന്ന് അഡ്മിന്മാര് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതോടെ വാട്സ് ആപ്പ് വഴിയുള്ള വിവാദപ്രസ്ഥാവനകള്‍ പ്രചരിക്കുന്നത് കുറഞ്ഞതായും പോലീസ് അറിയിച്ചു. വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മാത്രം 60 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 32 കേസുകള്‍ കോഴിക്കോട് സിറ്റി പരിധിയിലും 28 കേസുകള്‍ റൂറല്‍ പോലീസ് പരിധിയിലുമാണ്. 134 പേരെയാണ് സിറ്റിയില്‍ ഇതുവരേ അറസ്റ്റ് ചെയ്തത്. റൂറലില്‍ 35 പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണുള്ളത്.
അതേസമയം വാട്സ് ആപ്പ് ഹര്‍ത്താലിനു ശേഷം ജയിലുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. കോഴിക്കോട് ജില്ലാജയിലില്‍ റിമാന്‍ഡ് തടവുകാരെ താമസിപ്പിക്കാന്‍ സ്ഥലമില്ലെന്ന് ജയിലധികൃതര്‍ ജില്ലാ പോലീസ് മേധാവിമാരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു അന്വേഷണത്തിനു പോലീസ് വേണ്ടത്ര പ്രാധാന്യം നല്കാത്തതെന്നുമാണറിയുന്നത്.