മലപ്പുറം: വാട്സ് ആപ്പ് ഹർത്താലിലെ ഗൂഢാലോചന സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം ഉൗർജിതം. വ്യാപകമായി യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ടെങ്കിലും സംഘർഷാവസ്ഥയുണ്ടാക്കിയ പ്രദേശങ്ങളിലെ സൂത്രധാരൻമാർക്കെതിരെ അന്വേഷണസംഘം കർശനമായ നടപടികളാണെടുക്കുന്നത്.
പ്രധാനസൂത്രധാരൻമാർ ഹർത്താൽ വഴിയുണ്ടായ എല്ലാ ക്രിമിനൽ കേസുകളിലും പ്രതിയാകും. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഹർത്താലിൽ അക്രമത്തിനു ആഹ്വാനം ചെയ്ത ഒളിവിൽ പോയ അഡ്മിൻമാർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വിദേശത്തേക്ക് മുങ്ങിയവരുടെ പങ്കും അന്വേഷിക്കും. മഞ്ചേരി, തിരൂർ ഭാഗങ്ങളിലെ അക്രമത്തിനു ആഹ്വാനം ചെയ്തു ശബ്ദം സന്ദേശം നൽകിയ പ്രതികൾ പലരും ഒളിവിലാണ്. കലാപത്തിന് ആഹ്വാനംചെയ്ത കേസുകളിലും ആക്രമണക്കേസുകളിലുമായി ജില്ലയിൽ 763 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
ഇവരിൽ 150 പേർ റിമാൻഡിലാണ്. മലപ്പുറത്ത് മാത്രം 140 കേസ് രജിസ്റ്റർചെയ്തു.സാമൂഹികമാധ്യമങ്ങൾ വഴി ഹർത്താലിന് ആഹ്വാനം നൽകിയ രണ്ടായിരത്തോളം പേരെ ഇനിയും പിടിക്കാനുണ്ട്.
ഹർത്താലിനു ആഹ്വാനം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി അമർനാഥ് ബൈജു നേരിട്ട് നിയന്ത്രിച്ച വിവിധ ജില്ലകളിലെ വാട്്സ് ആപ്പ് ഗ്രൂപ്പുകൾ ഹൈടക് സെൽ പരിശോധിച്ചുവരികയാണ്.. ഇതിൽ യൂത്ത് ഓഫ് മഞ്ചേരി ഗ്രൂപ്പിൽ രണ്ടാം ഹർത്താൽ നടത്തുന്നതു സംബന്ധിച്ചും വോയ്സ് മെസേജുകളുണ്ട്.
ഇതുവരെ കണ്ടതു വെറും ട്രൈയിലർ മാത്രമാണെന്നും രണ്ടാം ഹർത്താൽ കൂടുതൽ സമഗ്രമായി വരാനിരിക്കുന്നതേയുള്ളുവെന്നും സന്ദേശത്തിലുണ്ടായിരുന്നു.
രാഷ്ട്രീയക്കാർ ഹർത്താലിനെ പിന്തുണക്കുമെന്നും അമർനാഥ് പറയുന്നു. യുവാക്കളാണ് സമരരംഗത്തിറങ്ങുന്നത് എന്നതിനാൽ രാഷ്ട്രീയക്കാർക്കു പിന്തുണക്കേണ്ടി വരും. യുവാക്കളില്ലാതെ രാഷ്ട്രീയക്കാർക്ക് നിലനിൽപ്പില്ലെന്നും വോയ്സ് മെസേജിൽ പറയുന്നു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയം വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേരിയെ ഇളക്കി മറിക്കുന്ന പരിപാടി വരാൻപോകുന്നുവെന്നും സന്ദേശത്തിലുണ്ട്. ബാക്കി വരുന്നിടത്ത് വച്ച് കാണാമെന്ന അറിയിപ്പോടെയാണ് സന്ദേശം സമാപിക്കുന്നത്. വിവിധ ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിലാണ് കലാപത്തിനു ആഹ്വാനം ചെയ്ത സന്ദേശം ലഭിച്ചത്.
മഞ്ചേരിയിൽ മാത്രം 18 അഡ്മിൻമാരുള്ള വിവിധ ഗ്രൂപ്പുകൾക്കു കൊല്ലം സ്വദേശി അമർനാഥിന്റെ വോയ്സ് ഓഫ് യൂത്തുമായി നേരിട്ടു ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അമർനാഥിന്റെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകളിൽ ഏറെ പേർ ചേർന്നിട്ടുള്ളത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
ഹർത്താൽ ദിനത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചും അതിൽ പങ്കാളികളായവരെ കുറിച്ചും പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. അതേസമയം ഹർത്താൽ ദിനത്തിൽ നടന്ന പ്രകടനങ്ങളിൽ പങ്കെടുക്കുക മാത്രം ചെയ്തവർക്കെതിരെ നടപടി വേണ്ടെന്നാണ് പോലീസ് തീരുമാനം.
എന്നാൽ വാഹനങ്ങൾ തടയുകയും കടകന്പോളങ്ങൾ അക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തവർക്കെതിരെ കർശന നടപടികൾ തുടരും.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കും. ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങളുടെ വീഡിയോകൾ വിവിധ ഗ്രൂപ്പുകളിൽ നിന്നു ശേഖരിച്ചു പ്രതികളെ കണ്ടെത്താൻ തീവ്രശ്രമമാണ് പോലീസ് നടത്തിവരുന്നത്.