സ്വന്തംലേഖകന്‍
കോഴിക്കോട്: പോലീസ് സേനയ്ക്ക് അഭിമാനമായി വൈറലായ ഫോണ്‍കോള്‍ സംഭാഷണം. വാട്സ് ആപ്പ് ഹര്‍ത്താലിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടെയുള്ള സിവില്‍ പോലീസ് ഓഫീസറുടെ സംഭാഷണമാണ് പോലീസിന്റെ “തലവര’ മാറ്റി എഴുതുന്നത്.
കസ്റ്റഡി മരണവും വാഹനപരിശോധനയ്ക്കിടെയുള്ള അപമര്യാദയോടു കൂടിയ പെരുമാറ്റങ്ങളും പോലീസിനെ പ്രതികൂട്ടിലാക്കുന്ന സാഹചര്യത്തിലാണു നഷ്ടപ്പെട്ടുവെന്നു കരുതിയ പോലീസിന്റെ ജനകീയമുഖം പുതിയ രൂപത്തില്‍ “വൈറലായത്’.
സംഭാഷണം വൈറലായതോടെ സഭ്യമായ ഭാഷയില്‍ മാന്യതയോടെ സംസാരിച്ച പോലീസുകാരനെ പ്രശംസിക്കാന്‍ ഡിജിപിയും മറന്നില്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ 18 നാണ് സംഭവം. വാട്സ് ആപ്പ് ഹര്‍ത്താലും തുടര്‍ന്നുള്ള സംഘര്‍ഷവും സംസ്ഥാനത്ത് ചൂടേറിയ വിഷയമായി നിലനില്‍ക്കെയാണ് അന്വേഷണത്തിന്റെ ഭാഗമായി നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ ബന്ധപ്പെടുന്നത്. ഗ്രൂപ്പില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശിയായ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ രാജേഷ് ഫോണില്‍ വിളിച്ചത്.
നടക്കാവ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നു പരിചയപ്പെടുത്തിയുള്ള രാജേഷിന്റെ സംഭാഷണം സോഷ്യല്‍മീഡിയയിലൂടെ പിന്നീട് വൈറലാവുകയായിരുന്നു. 4.24 സെക്കന്‍ഡ് നീണ്ടു നില്കുന്ന സംഭാഷണത്തിനിടെ വേണ്ട കാര്യങ്ങൾ ചോദിച്ചറിയുകയും നിയമവശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീട് സംഭാഷണം വിവിധ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചത് പോലീസിന് ഗുണകരമാവുകയായിരുന്നു. മാന്യമായിട്ടാണ് കേസിന്റെ ആവശ്യാര്‍ത്ഥം പോലീസ് പൊതുജനങ്ങളെ ബന്ധപ്പെടുന്നതെന്നു പ്രചരിപ്പിക്കാന്‍ ഇൗ സന്ദേശം പോലീസിന് ധാരാളമായിരുന്നു. ഡിജിപി ലോക്നാഥ് ബഹ്റയും ഈ സംഭാഷണം കേള്‍ക്കാനിടയാവുകയും പോലീസുകാരനെ അഭിനന്ദിക്കുകയുമായിരുന്നുവെന്ന് നടക്കാവ് സിഐ ടി.കെ. അഷ്റഫ് പറഞ്ഞു.
പിആര്‍ഒ വഴിയാണു ഡിജിപി അഭിനന്ദനമറിയിച്ചത്. അതേസമയം വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേ പോലീസ് നടപടി ആരംഭിച്ചതായി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച അഡ്മിനെ ഇതുവരേയും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇയാള്‍ വരുമെന്നറിയിച്ച ദിവസം സ്റ്റേഷനില്‍ എത്തിയിരുന്നില്ല. പിന്നീട് വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ പോലീസും മടിച്ചു .