മഞ്ചേരി: വാട്സ് ആപ്പ് ഹർത്താൽ മുഖ്യപ്രതികളുടെ പേരിൽ രജിസ്റ്റർ ചെയ്തത് 17 കേസുകൾ. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെ കൊല്ലം സിബിസിഐഡി രജിസ്റ്റർ ചെയ്ത ഒന്നിലും ഇവരെ പ്രതിചേർത്തിട്ടുണ്ട്. തിരൂർ പോലീസാണ് കൂടുതൽ കേസുകളിൽ ഇവരെ പ്രതിചേർത്തത്. കാളികാവ്, കൊളത്തൂർ, വഴിക്കടവ്, മഞ്ചേരി, വണ്ടൂർ, മങ്കട, പാണ്ടിക്കാട് എന്നിവിടങ്ങളിലാണ് മറ്റ് കേസുകൾ.
കൊല്ലം ഉഴുതക്കുന്ന് അമരാലയം അമർനാഥ് ബൈജു (20), തിരുവനന്തപുരം കുന്നംപുഴ നിറക്കകം എം.ജെ. സിറിൾ (22), തിരുവനന്തപുരം നെല്ലിവിള വെണ്ണിയൂർ മാവറത്തല മേലേ പുത്തൻവീട്ടിൽ സുധീഷ് (22), നെയ്യാറ്റിൻകര വഴുതക്കൽ ഇലങ്ങംറോഡിൽ ഗോകുൽ ശേഖർ (21), തിരുവനന്തപുരം നെല്ലിവിള കുന്നുവിള വീട്ടിൽ അഖിൽ (23) എന്നിവരാണ് മുഖ്യപ്രതികളായി പിടിയിലായത്.
ഇതിൽ അമർനാഥ് ബൈജുവിനും ഗോകുൽ ശേഖറിനും മഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
ഹർത്താൽ: രണ്ടുപേർക്കു ജാമ്യം
മഞ്ചേരി: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഹർത്താൽ കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചു പ്രതികളിൽ രണ്ടു പേർക്കു മഞ്ചേരി പോക്സോ സ്പെഷൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊല്ലം പുനലൂർ ഉറുകുത്ത് അമൃതാലയത്തിൽ ബൈജുവിന്റെ മകൻ അമർനാഥ് ബൈജു(19), നെയ്യാറ്റിൻകര പഴുതാക്കൽ ഇലങ്ങം റോഡ് രാജശേഖരൻ നായരുടെ മകൻ ഗോകുൽ ശേഖർ(21) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
എല്ലാ ശനി, തിങ്കൾ ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നുമടക്കമുള്ള ഉപാധികൾ വച്ച കോടതി രണ്ടാൾ വീതമുള്ള ബോണ്ടിൻമേലാണ് ജാമ്യം അനുവദിച്ചത്.
മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കേസിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ കുന്നപ്പുഴ നിറക്കകം സിറിൽ നിവാസിൽ മോഹൻദാസിന്റെ മകൻ സിറിലി(20)ന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
മറ്റു പ്രതികളും തിരുവനന്തപരം സ്വദേശികളുമായ നെല്ലിവിള വെണ്ണിയൂർ കുന്നുവിള അശോകന്റെ മകൻ അഖിൽ (23), വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള മാന്പ്രത്തല മേലേപുരക്കൽ സഹദേവന്റെ മകൻ സുധീഷ്(22) എന്നിവർ ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
പ്രതികൾക്കെതിരെ പാണ്ടിക്കാട്, കാളികാവ്, കൊളത്തൂർ, വഴിക്കടവ്, മങ്കട, കൊല്ലം സിബിസിഐഡി സ്റ്റേഷനുകളിൽ ഒന്നു വീതവും മഞ്ചേരി, വണ്ടൂർ സ്റ്റേഷനുകളിൽ രണ്ടു വീതവും തിരൂരിൽ ആറു കേസും നിലവിലുണ്ട്.
ഇപ്പോൾ രണ്ടു പേർക്ക് ഒരു കേസിൽ ജാമ്യം ലഭിച്ചെങ്കിലും 16 കേസുകൾ കൂടി ബാക്കിയുള്ളതിനാൽ ജയിൽ മോചനം എളുപ്പമാവില്ല.
പ്രതികൾക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമം 143, 147, 283, 353, 149, 220, 120 ബി, 228 എ, 170, 23 പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം ബോധപൂർവ്വമുള്ള കലാപ ശ്രമം, പോക്സോ, പോലിസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, മാർഗ തടസമുണ്ടാക്കൽ എന്നിവക്കാണ് കേസെടുത്തിട്ടുള്ളത്.