കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഹർത്താലിന്റെ ഭാഗമായുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് 33 പേർക്കെതിരേ ഒരു വർഷത്തിൽ കുറയാത്ത നല്ല നടപ്പിന്റെ ഭാഗമായി കേസെടുത്തു. 107 സിആർപിസി പ്രകാരം കണ്ണൂർ ടൗൺ പോലീസാണ് ഇവർക്കെതിരേ കേസെടുത്തത്.
ക്രമസമാധാന ലംഘനത്തിന് ആഹ്വാനം ചെയ്യുന്നതരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ 16നാണ് ആരുടെയും പേരുവയ്ക്കാതെ സോഷ്യൽമീഡിയ വഴി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതേത്തുടർന്ന് ഒരുവിഭാഗം ഹർത്താൽ നടത്താൻ രംഗത്തിറങ്ങിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ ബാധിച്ചത്. കഠുവയിൽ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തത്.