കോഴിക്കോട്: വാട്സ് ആപ്പ് ഹര്‍ത്താലും തുടര്‍ന്നുള്ള അനിഷ്ടസംഭവങ്ങളും സാമുദായിക സമാധാനം തകര്‍ക്കാന്‍ സാധ്യത നിലനില്‍ക്കെ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ജയിലുകളെ ബാധിച്ചു. തടവുകാരെ കോടതിയില്‍ എത്തിക്കുന്നതിനും ചികിത്സക്കായി ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനും പോലീസുകാരെ ലഭിക്കുന്നില്ലെന്നാണ് ജയിലധികൃതര്‍ പറയുന്നത് . ഇത് ജയിലുകളില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു ശേഷം തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതു പോലും മുടങ്ങിയിരിക്കുകയാണ്. 90 ശതമാനം കേസുകളിലും തടവുകാരെ കോടിതില്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണു ജയിലധികൃതര്‍ പറയുന്നത്. കോടതിയില്തടവുകാരെ ഹാജരാക്കുന്നതു പോലീസിന്റെ ചുമതലയാണ്. തടവുകാരെ ഈ ദിവസം ഹാജരാക്കണമെന്ന് ജയില്‍ സൂപ്രണ്ടിന് കോടതി കത്തയക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനെ അനുവദിക്കണമെന്ന് ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെടും. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് പോലീസിനെ അയയ്ക്കാറുള്ളത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു ശേഷം ഇത്തരത്തില്‍ പ്രതികളെ കോടതിയില്‍ കൊണ്ടുപോവുന്നതിനായി പോലീസിനെ അനുവദിക്കുന്നത് കുറവാണ്. ഇതിനാല്‍ ജാമ്യനടപടികള്‍ ഉള്‍പ്പെടെയുള്ള തടവുകാരുടെ ആവശ്യങ്ങളാണ് തടസപ്പെടുന്നത്. ഇത്തരത്തില്‍ തടവുകാരുടെ അവകാശങ്ങളെ നിഷേധിച്ചാല്‍ ജയിലുകളില്‍ പ്രശ്നങ്ങള്‍ക്കു കാരണമാവാന്‍ സാധ്യതയുണ്ട്. അവകാശങ്ങള്‍ തുടരെ തുടരെ ലംഘിക്കുമ്പോള്‍ തടവുകാര്‍ ജയിലധികൃതരോടാണ് കാര്യങ്ങള്‍ തിരിക്കുകയും മറ്റും ചെയ്യുന്നത്. ഇത് ജയിലുകളുടെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ജയിലിലെ തടുവകാരെ അടിയന്തര ചികിത്സാര്‍ഥം ആശുപത്രിയിലെത്തിക്കുന്നതിനു പോലും ഇപ്പോള്‍ പോലീസിനെ അനുവദിക്കുന്നില്ല. പലപ്പോഴും ജയില്‍ വാര്ഡന്മാരാണ് തടവുകാരെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇപ്രകാരം പോലീസിന്റെ അകമ്പടിയില്ലാതെ തടവുകാരെ പുറത്തുകൊണ്ടുപോവരുതെന്നാണ് നിയമം. എന്നാല്‍ അടിയന്തരഘട്ടത്തില്‍ പലപ്പോഴും പോലീസിന്റെ സേവനം ലഭിക്കാതായാല്‍ ജയിലധികൃതര്‍ നിയമം ലംഘിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
നിരോധാനാജ്ഞ പ്രഖ്യാപിച്ചതിനു ശേഷം തടവുകാരെ ആശുപത്രിയിലെത്തുക്കുന്നതിനായി പോലീസിന്റെ സേവനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ടു 80 ഓളം പേരെയാണ് കോഴിക്കോട് ജില്ലാജയിലില്‍ എത്തിച്ചത്. 300-310 തടവുകാരുള്ള ജയിലില്‍ ഇപ്പോള്‍ അത് 400 ലേറെയായി. തടവുകാരുടെ എണ്ണം കൂടുന്നത് ജയിലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നു വ്യക്തമാക്കി മലപ്പുറം എസ്പിക്ക് ജില്ലാജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൂടാതെ മലപ്പുറത്തെ കോടതികള്‍ക്കും ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തടവുകാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നു ജയില്‍ജീവനക്കാരുടെ അവധി പോലും റദ്ദാക്കിയിരിക്കുകയാണ്.