
ചേർത്തല : ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ വാട്സാപ്പ് ഗ്രൂപ്പ് വീടൊരുക്കിയതോടെ ഗോപാലനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം.
ചേർത്തല നഗരസഭ 18 ാം വാർഡിൽ കുഴുവേലി വെളിയിൽ ഗോപാലൻ (79) ന്റെ കുടുംബത്തിനാണ് നാലുമാസം കൊണ്ട് വീടൊരുക്കിയത്. ഏതു സമയവും പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലായിരുന്ന വീടിനുള്ളിൽ കടുത്ത പ്രമേഹ രോഗിയായ ഗോപാലൻ വീൽചെയറിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത്.
12 വർഷങ്ങൾക്ക് മുന്പ് ഭാര്യ വിജയമ്മാൾ മരിച്ചു. മകൻ കാർത്തികേയൻ വർഷങ്ങൾക്ക് മുന്പ് ഓപ്പറേഷന് വിധേയനായ ശേഷം അധികം ജോലികൾ എടുക്കുവാൻ പറ്റാത്ത അവസ്ഥയാണ്. അടുത്ത വീട്ടിൽ ഭർത്താവുമെന്നിച്ചു താമസിക്കുന്ന മകൾ അംബികയുടെ അവസ്ഥയും വളരെ മോശമാണ്.
ഇവരുടെ ഭർത്താവ് കണ്ണൻ ഒരു വശം തളർന്ന നിലയിലാണ്. കൊവിഡ് പശ്ചാതലത്തിൽ ആദ്യത്തെ ലോക്ക്ഡൗണ് വന്നതോടെ കിടപ്പ് രോഗികൾക്കും നിർധനർക്കും ഭക്ഷണവും മരുന്നും വീടുകളിൽ എത്തിച്ചിരുന്നതിനിടെ വാട്സാപ്പ് കൂട്ടായ്മ അംഗങ്ങൾക്ക് ഗോപാലന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് അംഗങ്ങൾ ഒത്തുചേർന്ന് സാന്പത്തികമായും വീടിന്റെ നിർമ്മാണത്തിലും പങ്കു ചേർന്നതോടെ ഭംഗിയുള്ള വീടായിമാറി. ഇന്റർ നാഷണൽ ചാരിറ്റി ഡേ യായ സെപ്തംബർ 5 ന് തന്നെ വീടിന്റെ താക്കോൽ കൈമാറിയതിലും അംഗങ്ങൾക്ക് ചാരിതാർഥ്യവുമുണ്ട്.
പ്രമുഖ കെട്ടിടനിർമാണ കന്പനിയായ ഹാബിറ്റാറ്റ് എം.ഡി. പി.ഡി.ലക്കി വീടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങാളായ എം.ഗോപകുമാർ, വി.ഉദയകുമാർ , ഷാൻകുമാർ ഓങ്കാരേശ്വരം, ധിരൻ ബേബി വേളോർവട്ടം, സീജ, സംഗീത, സജി, ചേർത്തല സിവിൽ ഡിഫൻസ് ചീഫ് വാർഡൻ രതീഷ്, ചാരിറ്റി പ്രവർത്തകരായ ഹരികൃഷണൻ, ശിവമോഹൻ എസ്, ജോർജ്ജ് ആന്റണി, എന്നിവർ പങ്കെടുത്തു.