ബംഗളൂരു: ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരേ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ടനിലയിൽ. ഡോ. ഡി. അയ്യപ്പ ദൊറെയാണ് ആർ.ടി. നഗറിലെ വീടിനുസമീപത്തെ റോഡിൽ അജ്ഞാതരുടെ കുത്തേറ്റുമരിച്ചത്.
ബുധനാഴ്ച പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അയ്യപ്പ ദൊറെ നടക്കാൻപോയശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കാണാത്തതിനെത്തുടർന്ന് ഭാര്യ അന്വേഷിച്ചിറങ്ങിയപ്പോഴാണ് പോലീസ് അയ്യപ്പ ദൊറെയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വടിവാളുകൊണ്ടുള്ള വെട്ടേറ്റാണ് അയ്യപ്പ ദൊറെ മരിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ ശരിരത്തിൽ വെട്ടിയിട്ടുണ്ട്. സംഭവത്തിൽ ആർടി നഗർ പോലീസ് കേസെടുത്തു.
സംഭവംനടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്. 2010-ൽ മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെദ്യൂരപ്പ, ഡോ. കെ. ശിവരാം കാരന്ത് ലേഒൗട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ചാണ് ഡോ. അയ്യപ്പ അഴിമതിനിരോധനബ്യൂറോയിൽ പരാതിനൽകിയത്. എന്നാൽ, 2017 സെപ്റ്റംബർ 22-ന് കർണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്റ്റേചെയ്തു.
നേരത്തേ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018-ലെ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് “ജന സമനയ പാർട്ടി’ രൂപവത്കരിച്ചിരുന്നു. പൊതുരംഗത്ത് സജീവമായ അയ്യപ്പ, കലസ-ബന്ദൂരി ജലവിതരണപദ്ധതിക്കായി സമരവും സംഘടിപ്പിച്ചിരുന്നു.