മേലുകാവ്: കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമത്തിനു പരിഹാരമായി പുതിയൊരു തൊഴിൽ സംസ്കാരത്തിനു രൂപം നൽകുകയാണ് മേലുകാവ് പഞ്ചായത്തിലെ പയസ്മൗണ്ട് വാട്സാപ്പ് കൂട്ടായ്മ.
കാർഷിക മേഖലകളിലെ ജോലികൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം എന്ന ആശയത്തിനാണ് ഈ കൂട്ടായ്മ രൂപം നൽകിയത്. കോളജ് വിദ്യാർഥികളും കൂട്ടായ്മയിലെ അംഗങ്ങളാണ്. പയ്സ്മൗണ്ട് സ്വദേശിയായ ഹൈക്കോടതി അഡ്വേക്കറ്റ് ഫ്രിൻസോ കല്ലക്കാവുങ്കലിന്റെ നേതൃത്വത്തിൽ നാല് വർഷം മുന്പ് ആരംഭിച്ച പയസ്മൗണ്ട് വാട്സാപ് കൂട്ടായ്മയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.
റബർക്കുഴി, വാഴക്കുഴി നിർമാണം, കുരുമുളക്, കാപ്പിക്കുരു ശേഖരണം, വാഴ പിരിച്ചുവയ്ക്കൽ, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ടിവയ്ക്കൽ, വീടും പരിസരവും വൃത്തിയാക്കൽ, തോട്ടത്തിലെ കാട് തെളിക്കൽ തുടങ്ങിയ ഏതു ജോലിക്കും കർഷകസേന അംഗങ്ങൾ തയാറാണ്.
വാട്സാപ് കൂട്ടായ്മയിലെ വിദ്യാർഥികളായ ചിലർ ഫ്രിൻസോയോട് പാർട്ട്ടൈം ജോലി ചെയ്യാൻ തയാറാണെന്ന് പറഞ്ഞിരുന്നു. അതേസമയം തന്നെ കാർഷിക തൊഴിലാളികളെ കിട്ടാനില്ലെന്ന് കർഷകരും പറഞ്ഞു. ഈ രണ്ടു കൂട്ടരെയും തമ്മിൽ ബന്ധപ്പെടുത്തി പുതിയൊരു തൊഴിൽ സംരംഭത്തിന് തുടക്കം കുറിക്കുകയായിരുന്നു.
നഗരങ്ങളിലെ ചില വിദ്യാർഥികൾ വഴിവിട്ട മാർഗങ്ങൾ തേടുന്നു എന്ന വാർത്തയറിഞ്ഞ അഡ്വ. ഫ്രിൻസോ തന്റെ നാട്ടിലെ യുവാക്കൾ അങ്ങനെയൊരു വഴിയേ പോകാതിരിക്കുവാനുള്ള മാർഗം തേടിയിരുന്ന സമയത്താണ് കർഷകസേന രൂപീകരണം സാധ്യമായത്.
രണ്ടു മാസം മുന്പ് ആരംഭിച്ച മേലുകാവ് പഞ്ചായത്തിലെ കർഷകസേനയിൽ പത്ത് വിദ്യാർഥികൾ അംഗങ്ങളായുണ്ട്. പാലാ, മേലുകാവ് എന്നിവിടങ്ങിലെ കോളജ് വിദ്യാർഥികളും കോഴ്സ് പൂർത്തിയാക്കിയവരും ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളത്തും സമാന രീതിയിൽ കൂട്ടായ്മ പ്രവർത്തം ആരംഭിച്ചു.
കർഷകരിൽ നിന്നും നാട്ടുകാരിൽ നിന്നും വിദ്യാർഥികൾക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്തു പണം സന്പാദിക്കുകയാണ് ലക്ഷ്യം. കോളജുകളിൽ ക്ലാസ് ആരംഭിച്ചതോടെ വിദ്യാർഥികളുടെ പഠനത്തിനു മുടക്കം വരാത്ത രീതിയിൽ പണികൾക്കു പോകുന്നുണ്ട്.
മണിക്കൂർ കണക്കിൽ വേതനമെന്നത് ലാഭകരമാണെന്ന് കർഷകരും പറയുന്നു.
രണ്ടു മണിക്കൂർ – 200 രൂപ, മൂന്നു മണിക്കൂർ – 270 രൂപ, നാലു മണിക്കൂർ – 340 രൂപ എന്നിങ്ങനെയാണ് വേതനം. കുറഞ്ഞത് രണ്ടു മണിക്കൂർ ജോലി വേണം, രണ്ടു പേർക്കെങ്കിലും ജോലി വേണം എന്നതാണ് നിബന്ധന.കൂടുതൽ വിവരങ്ങൾക്കു ഫോൺ: മേലുകാവ് – 9447869549, പൂഞ്ഞാർ – 8086213601.