സോഷ്യല്‍മീഡിയ സജീവമായതോടെ പ്രണയത്തിന്റെ രീതിയും മാറി. പണ്ട് കാലത്ത് നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടാണ് പ്രണയത്തിലേക്ക് വഴുതി വീണിരുന്നതെങ്കില്‍ ഇപ്പോള്‍ കഥ മാറിയിരിക്കുകയാണ്. ഇപ്പോള്‍ അങ്ങനെയൊരു സോഷ്യല്‍മീഡിയ പ്രണയകഥ തൊല്ലയായ കഥയാണ് തൃക്കരിപ്പൂര്‍ സ്വദേശിനിക്കും പറയാനുള്ളത്. വാട്സാപ്പിലൂടെ പ്രണയിച്ച് വിവാഹദിവസം മുടങ്ങിപ്പോയ കഥ ഇങ്ങനെ-
നിര്‍മാണ തൊഴിലാളിയാണ് കഥാനായകനായ (പെണ്ണിന്റെ ഭാഷയില്‍ വില്ലന്‍) എ. വി. ഷിജു തൊട്ടടുത്ത നാട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. അതും വാട്സാപ്പ് വഴി. ഇരുവരും ഒരിക്കല്‍ മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളത്. ആ കാഴ്ച്ചയില്‍ വിവാഹം കഴിച്ചേക്കാമെന്ന തീരുമാനവും എടുത്തു. അങ്ങനെ വീട്ടുകാരെ കൂട്ടാതെ ഇരുവരും വിവാഹത്തിനുള്ള തിയതിയും കുറിച്ചു. ശേഷം പെണ്‍കുട്ടി തന്റെ വീട്ടുകാരെ കാര്യങ്ങള്‍ അറിയിച്ചു. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനു സമ്മതം മൂളി. അങ്ങനെ വിവാഹദിവസം വന്നെത്തി. വിവാഹം തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മുഹൂര്‍ത്തസമയം അവസാനിക്കാറായിട്ടും വരനെയും ബന്ധുക്കളെയും കാണാതായതോടെ ഇയാളുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യുവതിയും ബന്ധുക്കളും ചന്തേര പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഇനിയാണ് കഥയുടെ ട്വിസ്റ്റ് നടക്കുന്നത്.
പോലീസുകാര്‍ വരനെ അന്വേഷിച്ച് നാടായ നാടെല്ലാം പാഞ്ഞു. ഒടുവില്‍ വരന്റെ വീട് കണ്ടെത്തി. പോലീസുകാരും വധുവിന്റെ വീട്ടുകാരും വീട്ടിലെത്തിയപ്പോള്‍ വരന്റെ വീട്ടുകാര്‍ കല്യാണക്കാര്യം അറിയുക പോലും ചെയ്തിരുന്നില്ല. വരന് നല്ല ഉറക്കത്തിലും. കല്യാണത്തിനു പോകാന്‍ റെഡിയാകാന്‍ പറഞ്ഞെങ്കിലും വരന് താല്പര്യം പ്രകടിപ്പിച്ചില്ല. പിന്നീട് സ്റ്റേഷനിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വരനും വീട്ടുകാരും. വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. സംഭവം നാട്ടില്‍ പാട്ടായതോടെ കഥാനായികയെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണത്രേ.