ന്യൂഡൽഹി: ഇന്ത്യയിലെ വാട്സ്ആപ് ഉപയോക്താക്കൾ മേയ് 15നു മുന്പ് സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന അന്ത്യശാസനം കന്പനി തത്കാലത്തേക്കു മരവിപ്പിച്ചു.
വിവരങ്ങൾ നല്കിയില്ലെങ്കിൽ ആരുടെയും അക്കൗണ്ട് ഡിലീറ്റാവില്ലെന്ന് കന്പനി വക്താവ് ഇന്നലെ അറിയിച്ചു.
വാട്സ് ആപ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിനു മറിച്ചു നല്കുന്നുവെന്ന ആരോപണത്തിൽ പുലിവാലു പിടിച്ച കന്പനി, വരും ആഴ്ചകളിൽ വിശദവിവരങ്ങൾ പുറത്തുവിടുമെന്നും വ്യക്തമാക്കി.
ഭൂരിപക്ഷംപേരും സ്വകാര്യവിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്ക് അതിന് അവസരം ലഭിച്ചിട്ടില്ലെന്നുമാണ് കന്പനിയുടെ വിശദീകരണം.
വാട്സ്ആപ് ഉപയോഗിക്കുന്നവർ കന്പനി ആവശ്യപ്പെടുന്ന സ്വകാര്യ വിവരങ്ങൾകൂടി നല്കി ഫെബ്രുവരി എട്ടിനുമുന്പ് ആപ് അപ്ഡേറ്റ് ചെയ്യണമെന്ന നിർദേശം ഇക്കഴിഞ്ഞ ജനുവരിയിലാണ് പുറപ്പെടുവിച്ചത്.
ഇതുപ്രകാരം അപ്ഡേഷൻ ഓപ്ഷനും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഫേസ്ബുക്കിന്റെ പരസ്യവരുമാനത്തിനായി ഇവർ നല്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്താനായിരുന്നു കന്പനിയുടെ നീക്കം. സ്വകാര്യതാനയം വിവാദമായതോടെ തീരുമാനം നടപ്പാക്കുന്നത് മേയ് 15വരെ മരവിപ്പിക്കുകയായിരുന്നു.
ഇക്കാലയളവിൽ ഉപയോക്താക്കളുടെ സംശയം ദൂരീകരിക്കാനുള്ള ശ്രമം നടത്തുമെന്നും വാട്സ്ആപ് വഴിയുള്ള ബിസിനസ് സാധ്യതകളുമായി മുന്നോട്ടുപോകുമെന്നും അറിയിപ്പുണ്ടായി.
ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിൽ ഫുൾപേജ് പരസ്യം നല്കി കന്പനി വിശദീകരണം നല്കി.
വാട്സ്ആപ്പിന്റെ സ്വകാര്യതാനയം വിവാദമായതോടെ ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ സോഷ്യൽമീഡിയ ആപ്പുകളിലേക്ക് ചിലർ ചുവടുമാറ്റിയിരുന്നു.
രാജ്യത്ത് 53 കോടി പേർ വാട്സാപ്പ് ഉപയോഗിക്കുന്നതായാണു സർക്കാർ കണക്കുകൾ. ഫേസ്ബുക്ക് ഉപയോഗത്തിലും ഇന്ത്യ മുൻപന്തിയിലാണ്.
രാജ്യം കോവിഡിന്റെ രണ്ടാംതരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്പോൾ കന്പനി നിലപാട് മയപ്പെടുത്തിയതാവാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.