പെരുന്പാവൂർ: ജീവിച്ചിരിക്കുന്നയാൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വാട്ട്സ് ആപ്പ് വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കുറുപ്പംപടി പോലീസ് അന്വേഷണമാരംഭിച്ചു.
കുറുപ്പംപടി പാറ സ്വദേശി പാലയ്ക്കാപ്പിള്ളിൽ കുര്യാക്കോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച എറണാകുളം വൈഎംസിഎ ഹാളിൽ ഭാര്യയോടൊത്ത് ധ്യാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വാട്ട്സ് ആപ്പ് വഴി കുര്യാക്കോസിന്റെ മരണവാർത്ത പ്രചരിച്ചത്.
സംഭവം കണ്ട് പലരും കുര്യാക്കോസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ധ്യാന യോഗത്തിലായിരുന്നതിനാൽ ഫോണ് സൈലന്റ് മോഡിലായിരുന്നു. പിന്നീട് ഫോണിൽ നിരവധി മിസ്ഡ് കോളുകൾ കിടക്കുന്നത് കണ്ട് കുര്യാക്കോസ് സുഹൃത്തിനെ വിളിച്ചപ്പോഴാണ് സംഭവമറിയുന്നത്. കോതമംഗലം-പെരുന്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡോർ ചെക്കറാണ് കുര്യാക്കോസ്.