കോഴിക്കോട്: ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയായ യുവതി സമൂഹമാധ്യമങ്ങളില്‍ അയച്ച വിഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കത്തെ റിസോർട്ടിൽ താമസിക്കവേ പീഡനത്തിനിരയായ വീട്ടമ്മ കോഴിക്കോട് സ്വദേശിയായ ഭർത്താവിനെതിരെയാണ് വാട്ട്സ്ആപ്പ് സന്ദേശം അയച്ചത്. ദന്പതികൾ മിശ്രവിവാഹിതരാണ്.
വീഡിയോ ലഭിച്ച വൈക്കം പോലീസ് സംഭവസ്ഥലത്തെത്തി വീട്ടമ്മയെ വൈക്കം താലുക്ക് ആശുപത്രിയില്‍ എത്തിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലുര്‍ ഹില്‍സില്‍ നെല്ലുവേലില്‍ ദില്‍ന ബേബിയാണ് (29) വീഡിയോ സന്ദേശം വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ചത്.
വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ അടച്ചിട്ടമുറിയില്‍ നിന്നായിരുന്നു സന്ദേശം. റിസോര്‍ട്ടില്‍ ജനറല്‍ മാനേജരായ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി അഭിജിത്ത് മര്‍ദിച്ചതായും വധഭീഷണി ഉണ്ടെന്നും വാതില്‍ തുറക്കാനായി വാതിലില്‍ തട്ടിവിളിക്കുകയായിരുന്നുവെന്നുമാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ നെറ്റിയില്‍ പരുക്കേറ്റതിന്റെ ചിത്രവും സന്ദേശത്തില്‍ അയച്ചു.
യുവതി പറയുന്നതിങ്ങനെ: ക്രിസ്തുമത വിശ്വാസിയായ ദില്‍നയും ഹിന്ദു നായര്‍ വിഭാഗത്തില്‍പ്പെട്ട അഭിജിത്തും പ്രണയത്തിലായിരുന്നു. 2014 ജനുവരി 17-ന് കോഴിക്കോട് ആര്യസമാജത്തില്‍ വച്ച് മതംമാറിയശേഷം വിവാഹിതരായി. വിവാഹശേഷമാണ് ഇവര്‍ സംഭവം നടന്ന ഹോട്ടലിലെ ഭര്‍ത്താവിനായി അനുവദിച്ച മുറിയില്‍ താമസമാക്കിയത്. ഇതിനിടെ അഭിജിത്തിന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് ശല്യപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ദില്‍ന വിവാഹിതയായത് അറിയാതെ മറ്റൊരു യുവാവ് വിവാഹ ആലോചനയുമായി എത്തുകയും ഇയാളെ അഭിജിത്ത് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. ദിൽന പിന്മാറാത്തതിനെതുടര്ന്ന് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇതൊന്നും യുവതി അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് 2017 ജനുവരി 17-ന് യുവതിയുടെ വീട്ടിലേക്ക് അഭിജിത്ത് വിവാഹമോചന നോട്ടീസ് അയച്ചു.
തന്റെ വീട്ടുകാരെ സമാധാനിപ്പിക്കാന്‍ ചെയ്തതതാണെന്നായിരുന്നു അഭിജിത്ത് ദില്‍നയോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. പ്രശ്നങ്ങള്‍ പുറത്തുപറഞ്ഞാല്‍ നമ്മുടെ സ്വകാര്യജീവിതം താന്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് യൂട്യൂബില്‍ ഇടുമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ജുലൈ നാലുമുതല്‍ റിസോര്‍ട്ടിലെ മുറിയില്‍ രണ്ടുപേരും വേര്‍തിരിഞ്ഞാണ് കഴിഞ്ഞു പോന്നിരുന്നത്. കഴിഞ്ഞ ദിവസം വീണ്ടും വാക്കുതര്‍ക്കമുണ്ടാകുകയും അഭിജിത്ത് മര്‍ദിക്കുകയും ചെയ്തു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം. അഭിജിത്തിന്റെ കോഴിക്കോട്ടെ ബന്ധുക്കളെ കണ്ടെത്താൻ വൈക്കം പോലീസ് കോഴിക്കോട് സിറ്റി പോലീസിന്റെ സഹായം തേടി. കോഴിക്കോട് സിറ്റി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.