ന്യുയോർക്ക്: വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഉയർത്തുന്നു. നിലവിലെ ഏഴു മിനിറ്റിൽനിന്ന് ഒരു മണിക്കൂർ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വർധിപ്പിക്കാനാണു വാട്സ്ആപ്പ് പദ്ധതിയിടുന്നത്. വഫീറ്റാ ഇൻഫോയാണ് വാട്സ്ആപ്പ് പുതിയ പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ൽ പുതിയ സൗകര്യം ഉപഭോക്താക്കൾക്കു ലഭിച്ചു തുടങ്ങി. അധികം താമസമില്ലാതെ ആൻഡ്രോയിഡ്, ഐഒഎസ് സ്റ്റേബിൾ പതിപ്പുകളിലേക്കു പുതിയ അപ്ഡേറ്റ് എത്തമെന്നാണു റിപ്പോർട്ടുകൾ.
കഴിഞ്ഞ നവംബറിലായിരുന്നു സന്ദേശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇതിലൂടെ നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ, സന്ദേശങ്ങൾ നീക്കം ചെയ്താൽ അതിന്റെ അറിയിപ്പ് അയച്ച ആളിനും സ്വീകർത്താവിനും ലഭിക്കും.