ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരേ വാട്സ്ആപ് നിയമ പോരാട്ടത്തിന്.
വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുന്ന നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി വാട്സ്ആപ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.
ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യത അവകാശം പരമമായുള്ളതല്ലെന്ന മറുപടിയുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനു നിയന്ത്രണങ്ങൾ കൊണ്ടുവരാനാകുമെന്നും പറഞ്ഞു.
സന്ദേശങ്ങളുടെ ഉറവിടം അധികൃതർ ആവശ്യപ്പെട്ടാൽ വെളിപ്പെടുത്തണമെന്ന നിർദേശം അടക്കമുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെട്ട ഐടി ചട്ടങ്ങൾ ഇന്നലെ പ്രാബല്യത്തിലായിരുന്നു.
ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ സമൂഹമാധ്യമങ്ങൾ എതിർപ്പുകൾ അറിയിച്ചിരുന്നെങ്കിലും മാർഗനിർദേശങ്ങൾ അംഗീകരിക്കാമെന്ന നിലപാടാണ് അറിയിച്ചത്.
എന്നാൽ, ഉപയോക്താക്കളുമായി തങ്ങളുണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാണ് മാർഗനിർദേശങ്ങളെന്നു ചൂണ്ടിക്കാട്ടിയ വാട്സ്ആപ്, ചട്ടങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
അധികൃതർ ആവശ്യപ്പെട്ടാൽ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താമെന്ന വ്യവസ്ഥ അംഗീകരിച്ചാൽ പോസ്റ്റുകൾ സ്വീകരിച്ച എല്ലാവരുടെയും സ്വകാര്യതയിലേക്കു കടന്നു കയറേണ്ടി വരും.
ഇത് എൻഡ് ടു എൻഡ് എൻസ്ക്രിപ്റ്റഡ് എന്ന തങ്ങളുടെ വ്യവസ്ഥകൾക്കു വിരുദ്ധമാകും. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നത് ഭരണഘടനയുടെ ആദർശങ്ങ ൾക്കു വിരുദ്ധമാണെന്നും വാട്സ്ആപ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേന്ദ്രത്തിന്റെ ചട്ടങ്ങൾക്കെതിരേ വാട്സ്ആപ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും ഇതേക്കുറിച്ചു പ്രതികരിക്കാൻ വാട്സ്ആപ് വക്താവ് തയാറായിട്ടില്ല.
പുതിയ ഐടി ചട്ടങ്ങൾക്കെതിരേ കോടതിയെ സമീപിച്ച വാട്സ്ആപ്പിന്റെ നടപടി തികച്ചും ധിക്കാരപരമെന്നു കേന്ദ്ര സർക്കാർ പ്രതികരിച്ചു. പൗരന്മാരുടെ സ്വകാര്യത ഉറപ്പു വരുത്താൻ സർക്കാർ ബാധ്യസ്ഥരാണ്.
അതേപോലെ ക്രമസമാധാന പാലനത്തിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാരിനു ബാധ്യതയുണ്ടെന്ന് കേന്ദ്ര ടെലികോം, ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ ഒരിക്കലും വാട്സ്ആപ്പിന്റെ സാധാരണ പ്രവർത്തനങ്ങളെയോ ഉപയോക്താക്കളെയോ ബാധിക്കില്ല.
വാട്സ്ആപ് നൽകുന്ന എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷനെ പുതിയ നിർദേശങ്ങൾ ബാധിക്കുമെങ്കിൽ അതിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കേണ്ടത് അവരുടെ ചുമതലയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.