മുംബൈ: നിശ്ചിത സമയത്തിനു ശേഷം മെസേജുകൾ തനിയെ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിംഗ് ഫീച്ചർ’ വാട്സ് ആപ്പിൽ വരുന്നു. നിലവിൽ ബീറ്റാ വേർഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫീച്ചർ വൈകാതെതന്നെ എല്ലാ വാട്സ് ആപ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
ഗ്രൂപ്പ് മെസേജുകളിലാകും ഡിസപ്പിയറിംഗ് ഫീച്ചർ ആദ്യമെത്തുക. തെരഞ്ഞെടുത്ത മെസേജുകൾ അഞ്ചു സെക്കൻഡിനുള്ളിലോ ഒരു മണിക്കൂറിനുള്ളിലോ സ്വയം അപ്രത്യക്ഷമാകുന്നതിനാണ് ഫീച്ചർ ബീറ്റാ വേർഷനുകളിൽ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഏതൊക്കെ മെസേജുകളാണ് ഇത്തരത്തിൽ അപ്രത്യക്ഷമാകേണ്ടതെന്നു യൂസർമാർക്കു തീരുമാനിക്കാനാകും. എത്ര സമയത്തിനുള്ളിൽ മെസജുകൾ അപ്രത്യക്ഷമാകണമെന്നു ഭാവിയിൽ യൂസറിനു തീരുമാനിക്കാനാവുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഫേസ്ബുക്കിന്റെ മെസഞ്ചറിൽ ഡിസപ്പിയറിംഗ് ഫീച്ചറിനു സമാനമായ സീക്രട്ട് കോണ്‍വർസേഷൻ ഫീച്ചർ പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസത്തിനുള്ളിൽ സന്ദേശങ്ങൾ അപ്രത്യക്ഷമാകും വിധമാണ് സീക്രട്ട് കോണ്‍വർസേഷൻ ഫീച്ചറിലെ ക്രമീകരണം.