മുംബൈ:പുതിയ സ്വകാര്യതാനയം അംഗീകരിക്കാനുള്ള അവസാനതീയതി ഈ മാസം 15 ന് അവസാനിക്കാനിരിക്കെ നിലപാട് മാറ്റി വാട്സ്ആപ്പ്.
സ്വകാര്യതാനയം പാലിക്കാൻ മേയ് 15നുശേഷവും ഉപയോക്താക്കൾക്ക് സാവകാശം നൽകുമെന്നും എന്നിട്ടും നയം അംഗീകരിക്കാത്ത അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുമെന്നും കന്പനി ഇന്നലെ അറിയിച്ചു.
നേരത്തെ, പുതുനയം അംഗീകരിക്കാത്തവർക്കു വാട്സ്ആപ്പ് ഉപയോഗിക്കുന്നതിൽ ഒരുവിധത്തിലുള്ള തടസവും നേരിടില്ലെന്നായിരുന്നു കന്പനി അറിയിച്ചിരുന്നത്.
വാട്സാപ്പിന്റെ പുതിയ നയം സ്വകാര്യതയെ ഹനിക്കുന്നതാണെന്നുള്ള വിമർശനങ്ങൾ സർക്കാർ ഏജൻസികളിൽനിന്നുപോലും ഉയരുന്നതിനിടെയാണ് കന്പനിയുടെ നിലപാടുമാറ്റം.
“മേയ് 15നു ശേഷവും ഉപയോക്തക്കൾക്ക് ഇടയ്ക്കിടെ നയം അംഗീകരിക്കണമെന്നുള്ള അറിയിപ്പ് ലഭിക്കും.
ഏതാനും ആഴ്ചകൾ കൂടി ഇതു തുടരും. അതിനുശേഷം അറിയിപ്പ് സ്ഥിരമായി ലഭിച്ചുതുടങ്ങും. എന്നിട്ടും പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റ് ലിസ്റ്റ് ലഭ്യമല്ലാതാവും.
എന്നാൽ, വീഡിയോകോളും വോയിസ്കോളും സ്വീകരിക്കാൻ തടസമുണ്ടാകില്ല. വരുന്ന മേസേജുകൾക്ക് മറുപടി നൽകാനും മിസ്ഡ് കോളുകളിലേക്ക് തിരികെ വിളിക്കാനും കഴിയും.
തുടർന്നും പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഈ സൗകര്യങ്ങളും അവസാനിപ്പിച്ചശേഷം നാമമാത്ര അക്കൗണ്ടായി നിലനിർത്തും.
എന്നാൽ ഇത്തരം നിർജീവ അക്കൗണ്ടുകൾ 120 ദിവസത്തിനുശേഷം ഡിലീറ്റ് ചെയ്യുന്നതിന് കന്പനിക്ക് അധികാരമുണ്ട്.’’ വാട്സ്ആപ്പ് അറിയിച്ചു.
അതേസമയം, പുതിയ നയം അംഗീകരിക്കാത്തവരുടെ വാട്സാപ്പ് അക്കൗണ്ടുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തുന്നത് എന്നുമുതലാണെന്ന് വ്യക്തമാക്കാൻ കന്പനി തയ്യാറായില്ല.
പുതുനയ പാലനത്തിന് ഓരോ ഉപയോക്താക്കൾക്കും വ്യത്യസ്ത സമയപരിധിയായിരിക്കും നൽകുകയെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.