തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ എല്ലാ സന്ദേശങ്ങളും കോളുകളും റിക്കാര്‍ഡ് ചെയ്യപ്പെടുമെന്നും നിരീക്ഷിക്കപ്പെടുമെന്ന വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു.
ഡിജറ്റല്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതോടെയാണ് വ്യാജ സന്ദേശം വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്.
മൂന്ന് നീല ടിക്കുകള്‍ ദൃശ്യമായാല്‍ അയച്ച സന്ദേശം സർക്കാർ കണ്ടു. രണ്ട് നീല ടിക്ക് ഒരു ചുവപ്പ് ടിക്ക് കണ്ടാൽ സർക്കാർ നടപടിയെടുത്തേക്കാം എന്ന് തുടങ്ങി ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മേയ് 25നാണ് പ്രാബല്യത്തിലായത്.
ഇതിലൂടെ ഓണ്‍ലൈന്‍ വാര്‍ത്തകളും ഒടിടി പ്ലാറ്റ്ഫോമിലുള്ള വിവിധ സേവനങ്ങളും നിയന്ത്രിക്കാനാണ് നീക്കം.
വ്യാജവാര്‍ത്തകള്‍ തടയുന്നതിനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ രാജ്യത്തിനെതിരേയുള്ള ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നതരത്തിലുള്ള വ്യവസ്ഥകളൊന്നും പുതിയ ചട്ടത്തിൽ ഇല്ല.