വാട്സ് ആപ്പ് പൊളിക്കുകയാണ് ബ്രോ, ന്യൂജന്‍ പയ്യന്മാരുടെ ഭാഷയില്‍ ഇങ്ങനെ പറയാം. പുതിയ സ്റ്റാറ്റസ് ഉള്‍പ്പെടെയുള്ള സവിശേഷതയുമായി വാട്സ് ആപ്പ് മുന്നേറുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വെറും 80 ആളുകളാണെന്നുള്ളത് ഏവരിലും അദ്ഭുതം ഉളവാക്കുന്ന കാര്യമാണ്. വാട്സ് ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പേടിഎമ്മിനു സമാനമായി ഡിജിറ്റല്‍ പണമിടപാട് വാട്സ് ആപ്പിലൂടെ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ആക്ടന്‍ വെളിപ്പെടുത്തി.
ആക്ടനും ജാന്‍ കോവുമും ചേര്‍ന്ന് എട്ടുവര്‍ഷം മുമ്പ് ആരംഭിച്ച വാട്സ്ആപ്പ് ഇന്ന് ലോകത്തിലെ നമ്പര്‍വണ്‍ ചാറ്റിംഗ് വെബ്സൈറ്റാണ്. ലോകത്താകെ 120 കോടി ആളുകളാണ് വാട്സ് ആപ്പ് ഉപയോഗിക്കുന്നത്. അതില്‍ ഇരുപതുകോടിയും ഇന്ത്യാക്കാരാണ്. അതിനാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കു വേണ്ടി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും പേടിഎം പോലുള്ള ഒരു ഡിജിറ്റല്‍ സംവിധാനം വാട്സ് ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്നും ആക്ടന്‍ പറഞ്ഞു.
ഇടയ്ക്കിടെ പുതിയ സങ്കേതങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിച്ചിരുന്ന വാട്സ് ആപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, വോയ്സ് കോളിംഗ്, വീഡിയോ കോളിംഗ് തുടങ്ങിയ സങ്കേതങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ യാഥാര്‍ഥ്യമാക്കിയിരുന്നു. ഏറ്റവും പുതിയതായി സ്റ്റാറ്റസില്‍ പുതിയ സങ്കേതം കൊണ്ടുവന്നെങ്കിലും ഉപയോക്താക്കളില്‍ നിന്ന് അത്ര മികച്ച പ്രതികരണമല്ല ലഭിച്ചത്. സ്നാപ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലുമുള്ള സങ്കേതമാണിതെന്നായിരുന്നു മിക്കവരും പ്രതികരിച്ചത്. എന്നാല്‍ ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കിയതിന്റെ അപാകതയാണിതെന്നും വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുമെന്നുമായിരുന്നു ഇതേക്കുറിച്ച് ആക്ടന്റെ മറുപടി. പേടിഎം മോഡല്‍ പേയ്മെന്റ് സംവിധാനം ഒരുക്കുന്നതു സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ആക്ടന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിസിനസുകാര്‍ക്കായി പ്രത്യേക മെസേജിംഗ് സംവിധാനം ഒരുക്കുന്നതിനും വാട്സാപ്പ് പദ്ധതിയിടുന്നുണ്ട്. വ്യാജവാര്‍ത്തകളുടെ പ്രചാരം തടയാനും പ്രചാരകരെ റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് വാട്സാപ്പിന് ആലോചനയുണ്ട്. കഴിവുറ്റവരാണ് വാട്സാപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയര്മാരെന്നും മിടുക്കും അഭിരുചിയും നോക്കിയാണ് ഇവരെ ജോലിക്കെടുക്കുന്നതെന്നും ആക്ടന്‍ പറഞ്ഞു. എന്തായാലും ‘വാട്സ് ആപ്പ്’ എന്നു പറയാനേ നമുക്കാവൂ.