മുക്കം: ഒരാഴ്ച മുൻപ് ആരംഭിച്ച കൊയിലാണ്ടി- പെരിന്തൽമണ്ണ കെഎസ്ആർടിസി ചെയിൻ സർവിസ് തകർക്കാൻ സ്വകാര്യബസ് ലോബി നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി.
നീണ്ട കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച കൊയിലാണ്ടി- താമരശ്ശേരി- പെരിന്തൽമണ്ണ ചെയിൻ സർവിസ് വിജയകരമായി മുന്നോട്ടു പോകുമ്പോഴാണ് തകർക്കാൻ ശ്രമം നടത്തുന്നത്. ചെയിൻ സർവിസ് കടന്നുപോകുന്ന പ്രധാന ബസ് സ്റ്റാൻഡുകളിൽ ജീവനക്കാരെ നിയമിച്ച് അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്. ബസ് ഉടമകളുടെയും ജീവനക്കാരുടെയും വാട്സപ്പ് ഗ്രൂപ്പിൽ നിന്നുള്ള സന്ദേശം പുറത്തായതോടെയാണ് ഗൂഢാലോചന പുറംലോകമറിഞ്ഞത്.
താമരശ്ശേരി, ഓമശ്ശേരി, മുക്കം അടക്കമുള്ള ബസ് സ്റ്റാൻഡുകളിൽ പ്രത്യേക ജീവനക്കാരെ നിയമിച്ച് കെഎസ്ആർടിസി ബസ് എത്തുന്നതിന് മുൻപായി പരമാവധി ആളുകളെ സ്വകാര്യ ബസിൽ കയറ്റണമെന്നാണ് ശബ്ദ സന്ദേശത്തിലെ പ്രധാന നിർദേശം. കെഎസ്ആർടിസി ബസ് വിവിധ സ്റ്റാൻഡുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയം വിവിധയിടങ്ങളിൽ നിയമിച്ച ജീവനക്കാർ വഴി സ്വകാര്യ ബസുകളെ അറിയിക്കും.
ചെയിൻ സർവിസിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സ്വകാര്യബസ് ലോബികൾ രംഗത്തെത്തിയത്. ചെയിൻ സർവിസിനെ പരാജയപ്പെടുത്താൻ നിരവധി നിർദ്ദേശങ്ങളാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നത്. അതിൽ മുക്കം കേന്ദ്രമായി സർവിസ് നടത്തുന്ന ബസിന്റെ മുതലാളിയുടെ ശബ്ദ സന്ദേശമാണ് പുറത്തായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നിരവധി വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന കൊയിലാണ്ടി- പെരിന്തൽമണ്ണ ചെയിൻ സർവിസ് സ്വകാര്യബസ് ലോബിയുടെ സമ്മർദത്തെ അതിജീവിച്ച് ഏപ്രിൽ 29-നാണ് സർവിസ് തുടങ്ങിയത്. അര മണിക്കൂർ ഇടവിട്ടാണ് കൊയിലാണ്ടിയിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും ടൗൺ ടു ടൗൺ സർവിസ് നടത്തുന്നത്. താമരശ്ശേരി, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്ന് ഏഴ് വീതം ബസുകളാണ് സർവിസ് നടത്തുന്നത്.
ദിവസങ്ങൾക്കകം തന്നെ ചെയിൻ സർവിസ് വൻഹിറ്റായി മാറിയിട്ടുണ്ട്. ഇതാണ് സ്വകാര്യ ബസ് ലോബിയെ ചൊടിപ്പിച്ചത്. അതേസമയം കെഎസ്ആർടിസി ചെയിൻ സർവിസ് ഏറെ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ കൂടുതൽ നഷ്ടത്തിലേക്ക് തള്ളിവിടുകയാണെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.