മുംബൈ: വാട്സ്ആപ്പിന്റെ ബാറ്ററി ഉപയോഗം ക്രമാതീതമായി വർധിച്ചതായി ആക്ഷേപം. ആൻഡ്രോയിഡ് ഉപയോക്താക്കളും എെഫോണ്‍ ഉപയോക്താക്കളും ഒരുപോലെ പരാതിയുമായി രംഗത്തുണ്ട്.
കന്പനി കഴിഞ്ഞ ദിവസം എെഒഎസ് വേർഷനുകൾക്കായി അവതരിപ്പിച്ച 2.19.112. അപ്ഡേറ്റഡ് വേർഷനും ആൻഡ്രോയ്ഡിൽ അവതരിപ്പിച്ച 2.19.308 വേർഷനും ആപ് സ്റ്റോറുകളിൽനിന്നു ഡൗണ്‍ലോഡ് ചെയ്തതിനു ശേഷമാണ് പ്രശ്നം തുടങ്ങിയതെന്നാണു പരാതിക്കാർ പറയുന്നത്. നിരന്തരം ഗ്രൂപ്പുകളിലേക്കു ചേർക്കുന്നവരെ വിലക്കാനുള്ള സംവിധാനമുൾപ്പെടെയുള്ള ഫീച്ചറുകൾ ഈ അപ്ഡേഷനിലൂടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്.
വാട്സ്ആപ്പിന്റെ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി മുൻപുണ്ടായിരുന്നതിനേക്കാൾ കൂടിയെന്നും ഇതാണ് ബാറ്ററി പെട്ടെന്നു തീരാൻ കാരണമെന്നും വാബീറ്റൽ ഇൻഫോയും അഭിപ്രായപ്പെട്ടു. വാട്സ് ആപ്പിന്റെ ബാക്ക് ഗ്രൗണ്ട് ആക്ടിവിറ്റി വർധിച്ചതു തെളിയിക്കുന്ന സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ളവ പരാതിക്കാർ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുന്നുണ്ട്.
വാ ബീറ്റൽ ഇൻഫോ ഉൾപ്പെടെയുള്ളവർ പ്രശ്നം സ്ഥിരീകരിച്ച സ്ഥിതിക്കു വാട്സ്ആപ്പിന്റെ ഭാഗത്ത് ഒൗദ്യോഗിക വിശദീകരണമോ പ്രശ്നപരിഹാരമോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.