എന്നാണ് നിങ്ങൾ നിങ്ങളുടെ ഐഫോണുകൾ/ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലെ വാട്സ്ആപ് അവസാനമായി അപ്ഡേറ്റ് ചെയ്തത്? വാട്സ്ആപ് ഇടയ്ക്കിടയ്ക്ക് ആപ് അപ്ഡേറ്റ് ചെയ്യുന്നത് നിങ്ങൾ അവഗണിക്കാറാണോ പതിവ്? എങ്കിൽ സൂക്ഷിച്ചോളൂ, പണി കിട്ടുമെന്നാണ് വാട്സ്ആപ് പറയുന്നത്. അതായത് വാട്സ്ആപ് ഉപയോഗിക്കുന്നവർ എത്രയും വേഗം ആപ് അപ്ഡേറ്റ് ചെയ്യണമെന്നാണ് കമ്പനിയുടെ നിർദേശം.
കാരണം
വാട്സ്ആപ്പിൽ ഒരു സ്പൈവേർ കടന്നുകൂടി. ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു സിംഗിൾ കോളിലൂടെ കടന്നുകയറുന്ന സ്പൈവേർ ആ ഫോണിലെ വിവരങ്ങൾ ചോർത്തും എന്നാണ് വാട്സ്ആപ് അധികൃതർ തിങ്കളാഴ്ച സ്ഥിരീകരിച്ചത്. വിവരങ്ങൾ എന്നുവച്ചാൽ കോൾ വിവരങ്ങൾ, ഇ-മെയിലുകൾ, സന്ദേശങ്ങൾ, ഫോട്ടോസ് തുടങ്ങിയവയാണ് ചോർത്തുക.
പിന്നിൽ
ഇസ്രേലി സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്ഒ ആണ് ഈ ചോർത്തൽ ബഗ് ഡെവലപ് ചെയ്തിരിക്കുന്നത്. ഒരു വാട്സ്ആപ് കോളിലൂടെ ട്രാൻസ്മിറ്റ് ചെയ്യപ്പെടുന്ന ഈ ബഗ് ആ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ പോലും വാട്സ്ആപ് ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകൂടും. വാട്സ്ആപ് കോൾ ലോഗിൽ ഈ കോൾ വിവരങ്ങൾ കാണാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു കോൾ വന്നതായി വാട്സ്ആപ് ഉപയോക്താക്കൾക്ക് തിരിച്ചറിയാനും കഴിയില്ല.
കണ്ടെത്തിയത്
ഈ മാസം ആദ്യമാണ് ഇത്തരത്തിലൊരു പ്രശ്നം വാട്സ്ആപ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾത്തന്നെ അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. വെള്ളിയാഴ്ച സെർവറുകളിൽ സുരക്ഷാ അപ്ഡേഷനുകൾ നടത്തിയശേഷം തിങ്കളാഴ്ചയാണ് വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, എത്രത്തോളം ഉപയോക്താക്കളെ ഇത് ബാധിച്ചു എന്ന് ഇതുവരെ വ്യക്തമല്ല.
എന്തു ചെയ്യണം
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവിടങ്ങളിൽ പ്രവേശിച്ച് ഫോണിലെ വാട്സ്ആപ് അപ്ഡേറ്റ് ചെയ്യണം.
പ്രശ്നത്തിലായ വാട്സ്ആപ് വേർഷനുകൾ
* (ആൻഡ്രോയ്ഡ്) v2.19.134ഉം മുന്പുള്ളതും
* വാട്സ്ആപ് ബിസിനസ് (ആൻഡ്രോയ്ഡ്) v2.19.44 ഉം മുന്പുള്ളതും
* (ഐഒഎസ്) v2.19.51ഉം മുന്പുള്ളതും
* വാട്സ്ആപ് ബിസിനസ് (ഐഒസ്) v2.19.51ഉം മുന്പുള്ളതും
* (വിൻഡോസ് ഫോൺ) v2.18.348 ഉം മുന്പുള്ളതും
* (ടൈസെൻ) v2.18.15ഉം മുന്പുള്ളതും