സ്വകാര്യതയാണല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങളിൽ പെട്ടതാണു സ്വകാര്യത. എന്നാൽ സ്മാർട്ട്ഫോണും വിവിധ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നവരുടെ സ്വകാര്യത സുരക്ഷിതമാണോ? അതേയെന്ന് ആർക്കും ഉറപ്പിച്ച് പറയാനാവില്ല.
പല ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുന്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ വ്യക്തിവിവരങ്ങളെല്ലാം അവർക്ക് ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള അനുവാദം നൽകുന്നുണ്ട്. ഇത് പലർക്കും അറിയില്ല. ഒരുപക്ഷേ അറിയാമെങ്കിലും ആ ആപ് ഉപയോഗിക്കാനുള്ള താത്പര്യത്തെ കരുതി അതെല്ലാം അവഗണിക്കുന്നു. ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് നമുക്കെല്ലാം സുപരിചിതമായ വാട്ട്സ്ആപ്. ഇന്ത്യയിൽ 20 കോടിയിലധികം പേരാണ് വാട്ട്സ്ആപ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. വാട്ട്സ്ആപ് സ്വകാര്യതയെ മാനിക്കുന്നുണ്ടോ? വാട്ട്സ്ആപ്പില് നിന്നു വ്യക്തിവിവരങ്ങളും മെസേജുകളും എന്നെങ്കിലും പരസ്യമാകുമോ?
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ
വാട്ട്സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമെ സന്ദേശം വായിക്കാൻ സാധിക്കൂ എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് വാട്ട്സ്്ആപ്പിനു പോലും സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാൻ സാധിക്കില്ലെന്ന് ചുരുക്കം. ഹാക്കർമാർക്ക് വാട്ട്സ്ആപ്പിന്റെ സെർവർ ഹാക്ക് ചെയ്താൽപ്പോലും ഈ സന്ദേശങ്ങൾ വായിക്കാൻ സാധിക്കില്ല.
സർക്കാർ സംവിധാനങ്ങൾക്കുപോലും വാടട്ട്സ്ആപ് സന്ദേശങ്ങൾ നിരീക്ഷിക്കാൻ ബുദ്ധിമുട്ടുള്ളത് രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയാവാറുണ്ട്. സന്ദേശങ്ങൾ വായിക്കാൻ സാധിക്കില്ലെങ്കിലും വീഡിയോയാണോ, ചിത്രമാണോ, ടെസ്റ്റ് മെസേജ് ആണോ അയച്ചതെന്ന കാര്യം വാട്ട്സ്ആപ്പിന് അറിയാൻ കഴിയും.
മൂന്നാമൻ പണിതരുമോ?
വാട്ട്സ്ആപ്പിന്റെ തീമുകൾക്കായും പുതിയ അക്ഷരങ്ങൾക്കുമായി പല ആപ്പുകളും ലഭ്യമാണ്. ഇവയുടെ സുരക്ഷിതത്വം ഒരു ചോദ്യചിഹ്നമാണ്. വാട്ട്സ്ആപ് പ്ലസ്, വാട്ട്സ്ആപ് ഗോൾഡ് തുടങ്ങിയ പല പേരുകളിൾ തേഡ്പാർട്ടി ആപ്പുകൾ വിവിധ സൈറ്റുകളിലും പ്ലേസ്റ്റോറിലും ലഭ്യമാണ്. പല തേഡ്പാർട്ടി ആപ്പുകളും നാം സെറ്റ് ചെയ്തിരിക്കുന്ന ഒാപ്ഷനുകളിലും മാറ്റം വരുത്താം. മാത്രമല്ല ഈ ആപ്പുകൾ വഴി വാട്ട്സ്ആപ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. പല മാൽവെയറുകളും ഫോണിൽ എത്തുന്നത് ഇത്തരം തേഡ്പാർട്ടി ആപ്പുകൾവഴിയാണ്. മാൽവെയറുകൾ ഡിവൈസുകളിലുള്ള വിവരങ്ങൾ ചോർത്തുകയും പ്രവർത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ഉപയോക്താവിന്റെ ഒരുവിധ സമ്മതവും കൂടാതെ ഇമെയിൽ ഉൾപ്പെടെയുള്ളവയിലേക്ക് കടന്നുകയറാൻ ഈ മാൽവെയറിനു കഴിയും.
ബാക്ക് അപ് സുരക്ഷിതമോ?
വാട്ട്സ്ആപ് ചാറ്റിന്റെ ബാക്ക് അപ് പലരും സൂക്ഷിക്കാറുണ്ട്. വാട്ട്സ്ആപ്പിന്റെ സെറ്റിംഗ്സിൽ ചാറ്റ് എന്ന ഒാപ്ഷനിലാണ് ബാക്ക് അപ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവിലും ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഐ ക്ലൗഡിലാണ് ബാക്ക് അപ് ചെയ്യാൻസാധിക്കുക. വാട്ട്സ്ആപ്പുമായി ബന്ധമില്ലാത്ത ആപ്പുകളിൽ ചാറ്റിന്റെ ബാക്ക് അപ് സൂക്ഷിക്കുന്നത് സാധാരണഗതിയിൽ സുരക്ഷിതമല്ല. ഗൂഗിൾ ഡ്രൈവും ഐ ക്ലൗഡും സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതിനാൽ ബാക്ക് അപ് സൂക്ഷിക്കുന്നതിൽ കുഴപ്പമില്ല. ബാക്ക് അപ് ഫയൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫയൽ അല്ല. അതിനാൽ ഏതെങ്കിലുമൊരു സാഹചര്യത്തിൽ ഗൂഗിൾ ഡ്രൈവും ഐ ക്ലൗഡും ഹാക്ക് ചെയ്യപ്പെട്ടാൽ വിവരങ്ങൾ ചോരാം. പക്ഷെ അതിനുള്ള സാഹചര്യം ചുരുക്കമാണെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്.
ഡിജിറ്റൽ സുരക്ഷ പ്രധാന വിഷയമാണ്. ഹാക്കർമാരും വിവിധ വൈറസുകളും മാൽവെയറുകളും എപ്പോഴും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. ഇവയുടെ കെണിയിൽ വീഴാതിരിക്കുക എന്നതാണ് പ്രധാനം.
സോനു തോമസ്