സ്വന്തം ലേഖകന്‍
തൃശൂര്‍: സംസ്ഥാനത്തെ ഒട്ടേറെപ്പേരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം. സ്വന്തം വാട്ട്സ്ആപ്പ് ഡിപിയില്‍ അശ്ലീലചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് തങ്ങളുടെ വാട്ട്സ്ആപ്പില്‍ ആരോ നുഴഞ്ഞുകയറിയതായി ഉപയോക്താക്കള്‍ അറിഞ്ഞത്.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു. വാട്ട്സ്ആപ്പ് ആക്ടിവേറ്റായിട്ടുള്ളതും എന്നാല്‍ പതിവായി ഉപയോഗിക്കാത്തതുമായ നമ്പറുകളിലാണ് ഇത്തരം നുഴഞ്ഞുകയറ്റം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
വൈചിത്ര്യം ശ്രദ്ധയിൽപ്പെട്ട ഉപയോക്താക്കൾ മൊബൈൽ സർവീസ് പ്രൊവൈഡർമാരെ സമീപിച്ചെങ്കിലും തങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിയില്ലെന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അവർ അറിയിച്ചത്. സൈബര്‍ സെല്ലുമായി ബന്ധപ്പെടാനായിരുന്നു മൊബൈല്‍ കമ്പനിക്കാരുടെ നിർദേശം.
ഇതോടെയാണ് മൊബൈല്‍ ഉപയോക്താക്കള്‍ പരാതിയുമായി സ്റ്റേഷനുകളിലെത്തിയത്. ഈ പരാതികൾ അതത് ജില്ലകളിലെ സൈബര്‍ സെല്ലിലേക്കു കൈമാറി. ഇതു സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും സൂചനകള്‍ കിട്ടിയിട്ടില്ല.
ഉപയോക്താക്കൾക്ക് ആശങ്ക
തങ്ങളറിയാതെ തങ്ങളുടെ വാട്ട്സ്ആപ്പ് നന്പറിൽനിന്ന് ഹാക്കര്‍മാര്‍ ആര്‍ക്കെങ്കിലും സന്ദേശങ്ങൾ അയച്ചിരിക്കുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കളിപ്പോൾ.
വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പോലുള്ളവരാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നവരും കുറവല്ല. തങ്ങളുടെ ഫോണ്‍ നമ്പര്‍ അതുപോലുള്ള ഏതെങ്കിലും ഗുരുതരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരിക്കുമോ എന്ന ഭയവും ചിലര്‍ പങ്കുവയ്ക്കുന്നു.
ഹാക്കിംഗ് ഇതാദ്യമല്ല
ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങള്‍ വാട്ട്സ്ആപ്പിൽനിന്നു ചോരുന്നത് മുന്‍പും സംഭവിച്ചിട്ടുണ്ട്. വ്യക്തിപരമായ സന്ദേശങ്ങള്‍ ഹാക്ക് ചെയ്യല്‍ കുറവാണ്.
ഇസ്രയേലി ചാരസംഘടന വാട്ട്സ്ആപ്പ് ഹാക്ക് ചെയ്തെന്ന ആരോപണം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രി, മുന്‍ എംപിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ വാട്ട്സ്ആപ്പ് ഹാക്കിംഗിന് ഇരകളായതായി നേരത്തെ വാര്‍ത്തകളും ആരോപണങ്ങളും ഉണ്ടായിരുന്നു.
വാട്ട്സ്ആപ്പ് പോലെയുള്ള മെസഞ്ചറുകൾ വഴിയും സ്മാര്‍ട്ട് ഫോണുകളിലെ മറ്റ് ആപ്ലിക്കേഷനുകള്‍ വഴിയുമുള്ള നിര്‍ണായക വിവര കൈമാറ്റങ്ങള്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കിടയില്‍ നിരോധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സാധ്യത വിരളം, എന്നാൽ അശ്രദ്ധ അപകടം
തൃശൂർ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അത്രതന്നെ സുരക്ഷാ ഉപാധികൾ ഉള്ളതാണെന്നും അതിനാൽത്തന്നെ ഹാക്കിംഗിന് സാധ്യത തീരെക്കുറവാണെന്നും ഐടി വിദഗ്ധനായ ശ്യാംലാൽ ടി. പുഷ്പൻ പറയുന്നു. ഇത്തരം നുഴഞ്ഞുകയറ്റം നടന്നതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
കാര്യക്ഷമമായ സുരക്ഷ ഉണ്ടെങ്കിലും ഉപയോക്താക്കളുടെ അശ്രദ്ധ വിവര ചോർച്ചയിലേക്കും ഹാക്കിംഗിലേക്കും നയിക്കാം. ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്പോൾ സ്മാർട്ട്ഫോണിലെ മിക്ക ഫീച്ചറുകളും ഉപയോഗിക്കാനുള്ള അനുവാദം നൽകേണ്ടതുണ്ട്. അത്തരം പെർമിഷനുകൾ കാമറ ഉപയോഗം, ജിപിഎസ്, കോണ്ടാക്ട് ലിസ്റ്റ്, മെസേജുകൾ തുടങ്ങിയവയ്ക്കുള്ളതാകാം.
ചില ഗെയിമിംഗ് ആപ്പുകൾ, അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും, നിങ്ങളുമായി സാമ്യമുള്ള സൂപ്പർസ്റ്റാർ കഥാപാത്രം ആര് തുടങ്ങിയ ചോദ്യങ്ങളുമായെത്തുന്ന ഇൻസ്റ്റന്റ് ഗെയിമുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ അറിഞ്ഞോ അറിയാതെയോ ഈ പെർമിഷനുകൾ നൽകുന്നുണ്ട്. ഇതിലൂടെ എളുപ്പത്തിൽ നുഴഞ്ഞുകയറ്റം സാധ്യമാകും.
ചെറിയ കാൽക്കുലേറ്റർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്പോൾ പോലും ജിപിഎസ് ഇൻഫോ എടുക്കാനുള്ള അനുവാദം ചോദിക്കുന്നുണ്ട്. തങ്ങളുടെ ആപ്പുകൾ ഏതുവിധത്തിലും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യിക്കാനാണ് നിർമാതാക്കളുടെ ശ്രമം.
ഇതുവഴി ലഭിക്കുന്ന ഡാറ്റ അത്രയും വിലപ്പെട്ടതാണെന്ന് അവർക്കു നന്നായി അറിയാം. പെർമിഷനുകൾ നൽകി ക്ലിക്ക് ചെയ്യുന്പോൾ രണ്ടാമതൊന്ന് ആലോചിക്കുക മാത്രമാണ് ഫോണിനെയും അതിനുള്ളിലെ അക്കൗണ്ടുകളെയും സംരക്ഷിക്കാനുള്ള വഴിയെന്നും ശ്യാംലാൽ പറഞ്ഞു.