കാത്തിരിപ്പ് അവസാനിച്ചു. ഒടുവിലിതാ ഇന്ത്യയിലേക്ക് എത്തിക്കഴിഞ്ഞു. സംഭവം എന്താണെന്നല്ലേ? വാട്സ്ആപ്പ് ഫോർ ബിസിനസ്. സംശയിക്കേണ്ട, സംഭവം അതുതന്നെ നമ്മുടെ ഫോണിലുള്ള വാട്സ്ആപ്പിന്റെ ബിസിനസ് പതിപ്പാണ് വാട്സ്ആപ്പ് ഫോർ ബിസിനസ്. യുഎസ്, യുകെ, ഇറ്റലി, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വാട്സ്ആപ് ഫോർ ബിസിനസ് അവതരിപ്പിച്ചത്. ഏറ്റവുമധികം വാട്സ്ആപ് ഉപയോക്താക്കളുള്ള ഇന്ത്യയിലേക്ക് കഴിഞ്ഞ ആഴ്ചയാണ് പുതിയ ആപ് എത്തിയത്.
വാട്സ്ആപ്പ് ഫോർ ബിസിനസ് എന്തിന്?
ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് വാട്സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിശേഷ ദിവസങ്ങളിൽ ജ്വല്ലറിയിൽനിന്നോ ബിൽഡിംഗ് കന്പനികളിൽ നിന്നോ ആശംസകൾ വരാറില്ലേ., ഇനി അത് വാട്സ്ആപ്പിലൂടെയായിരിക്കും വരിക. പുതിയ ഒാഫറുകൾ അറിയിക്കാനും ആശംസകൾ നേരാനും സ്ഥാപനവുമായി ബന്ധപ്പെട്ട ഉത്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകാനും വാട്സ്ആപ്പ് ഫോർ ബിസിനസ് സഹായിക്കും.
ലാൻഡ് ഫോൺ ഉണ്ടോ?
ബിസിനസ് സ്ഥാപനത്തിന്റെ ഫോൺനന്പർ ഉപയോഗിച്ചാണ് വാട്സ്ആപ്പ് ഫോർ ബിസിനസ് ഉപയോഗിക്കേണ്ടത്. ലാൻഡ്ഫോൺ നന്പറും അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ ഉപയോഗിക്കാം. ആദ്യമായാണ് വാട്സ്ആപ്പിൽ ലാൻഡ്ഫോൺ നന്പർ ഉപയോഗിക്കാനുള്ള അവസരം ലഭിക്കുന്നത്. ലാൻഡ് ഫോൺനന്പർ ഉപയോഗിക്കുന്നവർ വെരിഫിക്കേഷൻ സമയത്ത് കോൾ മീ എന്ന ഒാപ്ഷൻ സെലക്ട് ചെയ്താൽ മതി.
മൂന്നുതരം അക്കൗണ്ട്
മൂന്നുതരത്തിലുള്ള വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾ ഉണ്ട്. അൺകൺഫേംഡ്, കൺഫേംഡ്, വെരിഫൈഡ് എന്നിങ്ങനെയാണ് ആ തരംതിരിവുകൾ. ഏതെങ്കിലും ഒരു നന്പർ നൽകി ബിസിനസ് അക്കൗണ്ട് ആരംഭിച്ചാൽ അത് അൺകഫേംഡ് അക്കൗണ്ടായി പരിഗണിക്കും. ഇതിൽ പേരിനു നേരേ ചാരനിറത്തിലുള്ള ചോദ്യചിഹ്നം കാണും. ബിസിനസ് സ്ഥാപനത്തിന്റെ അതേ നന്പറിലാണ് അക്കൗണ്ടെങ്കിൽ പേരിനുനേരേ ചാരനിറത്തിലുള്ള ശരി അടയാളം (ടിക്ക് മാർക്ക്) ഉണ്ടായിരിക്കും. ഇത് സൂചിപ്പിക്കുന്നത് അക്കൗണ്ട് കൺഫേംഡാണെന്നും എന്നാൽ അക്കൗണ്ടിന്റെ കാര്യത്തിൽ വാട്സ്ആപ്പിന് യാതൊരു ഉറപ്പും ഇല്ലെന്നുമാണ്.
വാട്സ് ആപ്പിന്റെ വിവിധ വെരിഫിക്കേഷൻ ഘട്ടങ്ങൾ പൂർത്തിയായി പേരിനുനേരേ പച്ചനിറത്തിലുള്ള ശരി അടയാളം ലഭിച്ചാൽ അത് വെരിഫൈഡ് അക്കൗണ്ടാണ്. എല്ലാത്തരം അക്കൗണ്ടിന്റെയും പ്രൊഫൈലിൽ സ്ഥാപത്തിന്റെ വെബ് അഡ്രസ്, ലൊക്കേഷൻ, കോൺടാക്ട് ഇൻഫർമേഷൻ, പ്രവർത്തനസമയം തുടങ്ങിയ കാര്യങ്ങൾ ചേർക്കാം.
പഴയ വാട്സ്ആപ്പ് ഇനി വേണ്ടേ?
ബിസിനസ് ആവശ്യങ്ങളെ മാത്രം ലക്ഷ്യംവച്ചാണ് പുതിയ ആപ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ വ്യക്തികൾക്ക് പഴയ വാട്സ്ആപ്പ് തുടർന്നും ഉപയോഗിക്കാം. ബിസിനസ് അക്കൗണ്ടും വ്യക്തിപരമായ അക്കൗണ്ടും ഒരുമിച്ച് ഫോണിൽ ഉപയോഗിക്കാൻ പഴയ ആപ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം പുതിയ ആപ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. നിലവിലുള്ള വാട്സ്ആപ്പിന്റെ ലോഗോയിൽ കോൾ ചിഹ്നത്തിന്റെ സ്ഥാനത്ത് വാട്സ്ആപ് ഫോർ ബിസിനസ് ആപ്പിന്റെ മധ്യഭാഗത്ത് ബി എന്ന ഇംഗ്ലീഷ് അക്ഷരമാണ്. വാട്സ്ആപ്പ് ഫോർ ബിസിനസിൽ വ്യക്തിപരമായുള്ള അക്കൗണ്ടും പഴയ നന്പറിലും ബിസിനസ് അക്കൗണ്ട് സ്ഥാനത്തിന്റെ നന്പറിലും ഒരുമിച്ച് ഉപയോഗിക്കാം. മെസേജുകൾ ഏത് അക്കൗണ്ടിലാണ് വന്നതെന്ന് ലോഗോ ഉപയോഗിച്ച് തിരിച്ചറിയാം.
സൗജന്യമാണ്, പക്ഷേ…
വാട്സ്ആപ്പ് ഫോർ ബിസിനസ് പ്ലേസ്റ്റേറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. വോയ്സ് കോളുകൾ, മെസേജുകൾ തുടങ്ങിയവയെല്ലാം സൗജന്യമാണെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഭാവിയിൽ സേവനങ്ങൾക്ക് ചെറിയ തുക ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വാട്സ്ആപ്പ് വെബ് പോലെ കംപ്യൂട്ടറിലും വാട്സ്ആപ്പ് ഫോർ ബിസിനസ് ഉപയോഗിക്കാം.
കൈയിലിരിക്കുന്ന ഐഫോണിൽ തത്കാലം ആപ് ലഭിക്കില്ല. പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാണ്. WhatsApp Business എന്ന പേരിലാണ് പുതിയ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാകുക.
ഇതേപേരിൽ പല വ്യാജ ആപ്പുകളും പ്ലേസ്റ്റോറിൽ ലഭ്യമാണ്. അതിനാൽ www.whatsapp.com എന്ന സൈറ്റിൽനിന്ന് സുരക്ഷിതമായി ആപ്പ് ഡൗൺലോഡ് ചെയ്യാം.
കസ്റ്റമർ ഈസ് കിംഗ്
മൊബൈലിൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട മെസേജുകൾ അരോചകമായി ചിലർക്കെങ്കിലും തോന്നാറുണ്ട്. വാട്സ്ആപ്പ് ഫോർ ബിസിനസും അത്തരമൊരു ശല്യമാകുമോയെന്ന് കരുതുന്നവർ നിരാശപ്പെടേണ്ട. അനാവശ്യമായ മെസേജുകൾ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഇതിൽ ഉണ്ട്. വാട്സ്ആപ്പിന്റേതുപോലെ സമാനമായ രീതിയിലാണ് ബ്ലോക്ക് ചെയ്യേണ്ടത്.
സോഷ്യൽ മീഡിയയെ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഒരു മെസേജിംഗ് ആപ്പിനെ ബിസിനസ് ആവശ്യങ്ങൾക്കുകൂടി ഉപയോഗപ്പെടുത്തുന്നത് വരും നാളുകളിൽ ഇത്തരത്തിലുള്ള ആപ്പുകളെല്ലാം രൂപമാറ്റത്തോടെ എത്തുമെന്ന സൂചനയാണ് നൽകുന്നത്.
സോനു തോമസ്