ഡോ താൻ ആരോടു ചോദിച്ചിട്ടാ എന്നെ ഗ്രൂപ്പിൽ ചേർത്തത്? അനുവാദമില്ലാതെ വാട്സ് ആപ് ഗ്രൂപ്പിൽ ചേർത്തതിന് ഇങ്ങനെ വഴക്കിട്ടു മടുത്തവർ ഏറെ, ഏറെപ്പേരുടെ ഈ വിധമുള്ള ബുദ്ധിമുട്ടുകൾക്കു പരിഹാരമായിരിക്കുന്നു.
ആർക്കൊക്കെ തങ്ങളെ ഗ്രൂപ്പിൽ ചേർക്കാമെന്നും ക്ഷണിക്കാമെന്നും ഉപയോക്താവിനു തീരുമാനിക്കാൻ അധികാരം നൽകുന്ന പുതിയ പ്രൈവസി സംവിധാനം വാട്സ് ആപ്പിലെത്തിയിരിക്കുന്നു. ആവശ്യമില്ലാത്ത ഗ്രൂപ്പുകളിലേക്കു നമ്മെ ക്ഷണിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞുപിടിച്ചു വിലക്കാൻ കഴിയുന്നതാണ് ഈ സംവിധാനം.
ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതിൽനിന്നു ചിലരെ മാത്രം ബ്ലോക്ക് ചെയ്യാവുന്ന “മൈ കോണ്‍ടാക്സ് എക്സപ്റ്റ്’’ ഓപ്ഷനാണ് വാട്സ് ആപ് പുതുതായി എത്തിച്ചിരിക്കുന്നത്. നേരത്തെ എവരിവണ്‍, മൈ കോണ്‍ടാക്സ്, നോബഡി എന്നിങ്ങനെ മൂന്നു ഓപ്ഷനുകളാണുണ്ടായിരുന്നത്.
എന്നാൽ, കോണ്ടാക്ടിലുളളവരിൽ ചിലരെ ഗ്രൂപ്പിൽ ചേർക്കുന്നതിൽനിന്നു വിലക്കാൻ ഈ മൂന്നു ഓപ്ഷനുകളിലും സംവിധാനമില്ലാത്തതു വലിയ പരാതിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നോബഡി ഫീച്ചറിനു പകരമായി മൈ കോണ്‍ടാക്സ് എക്സപ്റ്റ് ഓപ്ഷൻ കന്പനി അവതരിപ്പിച്ചിരിക്കുന്നത്.
സെറ്റിംഗ്സ് >> അക്കൗണ്ട് >> പ്രൈവസി >> ഗ്രൂപ്പ്സ് എന്ന വിധമാണ് പുതിയ ഫീച്ചർ പ്രവർത്തിപ്പിക്കേണ്ടത്. ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പിൽ ചേർക്കാൻ അനുമതി നൽകേണ്ടത് എന്ന ചോദ്യമാണ് ഇനിയുള്ളത്. ഇതിൽ എവരിവണ്‍, മൈ കോണ്‍ടാക്സ്, മൈ കോണ്‍ടാക്സ് എക്സപ്റ്റ് എന്നീ മൂന്നു ഓപ്ഷനുകളുമുണ്ടാകും.
മൈ കോണ്‍ടാക്സ് എക്സപ്റ്റ് എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഗ്രൂപ്പിൽ ചേർക്കുന്നതിൽനിന്നു ചിലരെ മാത്രം വിലക്കാൻ സാധിക്കും. ഇത്തരത്തിൽ വിലക്ക് നേരിട്ടവർ വീണ്ടും ഗ്രൂപ്പിൽ ചേർക്കാൻ ശ്രമിച്ചാൽ ഗ്രൂപ്പിലേക്കുള്ള ക്ഷണം (ഗ്രൂപ് ലിങ്ക്) പ്രൈവറ്റ് മെസേജ് ആയി ഉപയോക്താവിനു ലഭിക്കും.
താത്പര്യമുണ്ടെങ്കിൽ ഗ്രൂപ്പിൽ ചേരാം. ഇല്ലെങ്കിൽ മൂന്നു ദിവസത്തിനു ശേഷം ഈ സന്ദേശം മാഞ്ഞുപോകും. ലോക വ്യാപകമായി അവതരിപ്പിച്ചിരിക്കുന്ന സംവിധാനം ആൻഡ്രോയിഡ് വേർഷനുകളിലും എെഫോണ്‍ വേർഷനുകളിലും ലഭ്യമാണ്.