മയ്യിൽ: ജില്ലയിൽ വാട്സ് ആപ് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം വ്യാപകമാവുന്നതായി പരാതി. തളിപ്പറമ്പ് ,പയ്യന്നൂർ, ഇരിട്ടി, ശ്രീകണ്ഠപുരം, പഴയങ്ങാടി,മയ്യിൽ, കുറ്റ്യാട്ടൂർ, പറശിനിക്കടവ്, കൊളച്ചേരി, നാറാത്ത്, കണ്ണാടിപ്പറമ്പ്, ചേലേരി, കമ്പിൽ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വാട്സ് ആപ്പ് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നത്.
കഴിഞ്ഞദിവസം മയ്യിലിൽ ലോട്ടറി തിരുത്തിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് ഒറ്റനമ്പർ തട്ടിപ്പ് രഹസ്യം പുറത്തായത്. നിയമവിരുദ്ധമായ ഒറ്റനമ്പര്‍ ലോട്ടറികളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടും വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി ഒറ്റനമ്പര്‍ ലോട്ടറികളുടെ കച്ചവടത്തിന് തടയാനായിട്ടില്ല .
ക്രമവിരുദ്ധമായ ലോട്ടറികളുമായി ബന്ധപ്പെടുന്ന ഏജന്‍സികള്‍ക്ക് ലൈസന്‍സ് നഷ്ടമാകുമെന്ന് പറയുമ്പോഴാണ് ഒറ്റനമ്പര്‍ ലോട്ടറിയുടെ പുതിയ പതിപ്പായ വാട്സാപ്പ് ഒറ്റ നമ്പര്‍ ലോട്ടറിയുടെ തട്ടിപ്പ് നടക്കുന്നത്. ആർക്കും നിയന്ത്രണമില്ലാതെ ലോട്ടറി വിൽക്കാമെന്ന അവസ്ഥയാണിപ്പോൾ. വ്യാജനെ പോലും കണ്ടുപിടിക്കാൻ കഴിയുന്നില്ല. മുമ്പ് പല ജില്ലകളിലും ഈ തട്ടിപ്പ് നിലനിന്നിരുന്നു.