കൊച്ചി: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ചു.
പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരനായി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിനിയെ മോണ്‍സനു പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണെന്നും സൂചനയുണ്ട്.
മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട് എന്നിവയടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പറയുന്നു.
ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പോലീസ് ക്ലബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു.
ഐജി ആവശ്യപ്പെട്ട പ്രകാരം മോന്‍സന്റെ വീട്ടില്‍നിന്നു പുരാവസ്തുക്കള്‍ പോലീസ് ക്ലബില്‍ എത്തിച്ചു. ഐജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതു കൊണ്ടുപോയത്.
ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്.
ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ടെന്നും സൂചനയുണ്ട്. ഐജി ലക്ഷ്മണയുടെ മൂന്ന് പിഎസ്ഒ മാര്‍ക്കെതിരെയും തെളിവുകള്‍ അന്വേഷണ സംഘത്തിനുലഭിച്ചിട്ടുണ്ട് .
മോന്സന് മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷ്മണ സഹായിച്ചുവെന്ന പരാതിയും ക്രൈംബ്രാഞ്ചിനുലഭിച്ചതായി അറിയുന്നു.
ട്രാഫിക് ചുമതലയായിരുന്നു ഐജി ലക്ഷ്മണയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം ഡിജിപി അനില്‍ കാന്തും ഐജി ലക്ഷമണയ്ക്കെതിരേ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മോന്സന് മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്ത് നല്കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നല്‍കിയത്.