ന്യുയോർക്ക്: വാട്സ്ആപ്പിൽ വീഡിയോ-വോയിസ് പിന്തുണയോടെ ഗ്രൂപ്പ് കോളിംഗ് നടത്താൻ കഴിയുന്ന സംവിധാനം നിലവിൽവന്നു. ഒക്ടോബറിൽ വികസിപ്പിച്ച ഗ്രൂപ്പ് കോളിംഗ് സംവിധാനത്തെ സംബന്ധിച്ച് മേയിൽ നടത്തിയ ആനുവൽ എഫ്8 ഡെവലപ്പർ കോണ്‍ഫറൻസിൽ വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ ഫീച്ചർ ലോകത്താകമാനമുള്ള ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. ഒരുനേരം നാലുപേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താൻ കഴിയുക.
ഐഒഎസ് ഫോണ്‍ ഉപയോക്താക്കൾക്ക് ബീറ്റ പതിപ്പായി ഗ്രൂപ്പ് കോളിംഗ് ഫീച്ചർ വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. നിലവിൽ വീഡിയോ കോൾ, വോയ്സ് കോൾ, സംവിധാനങ്ങൾ മാത്രമാണ് വാട്ട്സ്ആപ്പിൽ ഉള്ളത്. ഗ്രൂപ്പ് വോയ്സ് കോൾ സൗകര്യം കൂടി എത്തുന്നതോടെ വാട്ട്സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്ന് കന്പനി കണക്കുകൂട്ടുന്നു.
സിഗ്നൽ കുറഞ്ഞയിടങ്ങിലും മികവ് പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കന്പനി പത്രക്കുറിപ്പിൽ അറിയിച്ചു. വിളികൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ രീതിയിലാവും. പുതിയ സംവിധാനം ഫോണിൽ ലഭിക്കാൻ ഗൂഗിൾ, ആപ്പിൽ പ്ലേസ്റ്റോറുകളിൽനിന്ന് വാട്സ്ആപ്പിന്റെ പുതിയ വേർഷൻ ഡൗണ്‍ലോഡ് ചെയ്യണം.
ഫേസ്ബുക്ക് മെസഞ്ചർ നിലവിൽ 50 പേർക്ക് ഒന്നിച്ചു വീഡിയോ കോൾ ചെയ്യാൻ കഴിയുന്ന സംവിധാനം നൽകുന്നുണ്ട്. സ്കൈപ്പ്- 25, സ്നാപ്ചാറ്റ്-16, ആപ്പിൾ ഫേസ്ടൈം-32 എന്നിങ്ങനെയും വിവിധ ആപ്ലിക്കേഷനുകൾ വീഡിയോ കോളിംഗ് സംവിധാനം ഒരുക്കിനൽകുന്നു.