കണ്ണൂർ: വാട്സപ്പിൽ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച രണ്ടു വിദ്യാർഥികൾക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
ഇന്നലെയാണ് സംഭവം. മേലെചൊവ്വ സ്വദേശിയായ അധ്യാപികയ്ക്കാണ് ഇന്നലെ സാമൂഹ്യമാധ്യമം വഴി സന്ദേശം ലഭിച്ചത്.തുടർന്ന് തെളിവ് സഹിതം അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
രണ്ടു ഫോൺ നന്പറിൽ നിന്നാണ് സന്ദേശം വന്നതെന്ന് പോലീസിന് മനസിലായിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു വിദ്യാർഥികളുടെ ഫോൺ നന്പറിൽ നിന്നാണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
എന്നാൽ അത് യഥാർഥ പേരിയാണോ ഫോൺ നന്പർ എടുത്തതെന്ന കാര്യത്തിൽ സംശയമുണ്ട്.
മറ്റു പേരുകളിൽ വ്യാജ ഫോൺ നന്പർ സംഘടിപ്പിച്ച് ഇത്തരം സന്ദേശം അയക്കുന്ന വിരുതന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം അശ്ലീല സന്ദേശം അയച്ച രണ്ടു ഫോൺ നന്പറും എടുത്തയാളുകളുടെപേരിലാണ് കേസെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.