തെറി വിളിക്കരുത്…വാട്സാപ്പ് ചെയ്യരുത്…അങ്ങിനെ ചെയ്താൽ ഇങ്ങനെ പണികിട്ടുമെന്നോർക്കുക.
വാട്സ്ആപ്പിലൂടെ ഭാര്യയെ തെറിവിളിക്കുകയും വഞ്ചിച്ചെന്ന് ആരോപിക്കുകയും ചെയ്ത ഭർത്താവിന് അബുദാബി കുടുംബ കോടതി പിഴ ചുമത്തിയപ്പോൾ അതൊരു ഒന്നൊന്നര പിഴത്തുകയായി.
ഒന്നും രണ്ടും നൂറും ആയിരവുമല്ല 25,000 ദിർഹമാണ് പിഴയായി ചുമത്തിയത്.
തനിക്ക് നേരിട്ട കഷ്ടനഷ്ടങ്ങൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം തേടി അറബ് വംശജനായ ഭർത്താവിനെതിരെ വിദേശ യുവതി അബുദാബി കുടുംബ കോടതിയിൽ കേസ് നൽകുകയായിരുന്നു.
തന്റെ മാനത്തിന് ക്ഷതമേൽപിക്കുന്ന സന്ദേശം ഭർത്താവ് വാട്സ് ആപ്പിലൂടെ അയക്കുകയായിരുന്നുവെന്ന് യുവതി കോടതിയിൽ പറഞ്ഞു.
വിചാരണയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് പ്രതിക്ക് കോടതി 5,000 ദിർഹം പിഴ ചുമത്തി.
പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 5,000 ദിർഹം പ്രതി നൽകണമെന്നും കോടതി വിധിച്ചു.
കേസിൽ അന്തിമ വിചാരണ പൂർത്തിയാക്കിയ കോടതി പ്രതി പരാതിക്കാരിക്ക് 15,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു.
ഇതോടെ പരാതിക്കാരിക്കുള്ള ആകെ നഷ്ടപരിഹാരം 20,000 ദിർഹം ആയി മാറി. ഇതിനു പുറമെ പ്രതിക്ക് 5,000 ദിർഹം പിഴ കൂടി കോടതി ചുമത്തുകയായിരുന്നു.