മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ നിരവധി പേരുടെ മുടി കൊഴിഞ്ഞതിനു കാരണം റേഷൻകടകളിലൂടെ വിതരണം ചെയ്ത ഗോതന്പിലെ ഉയർന്ന അളവിലുള്ള സെലേനിയം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നു പ്രദേശത്തെ റേഷൻകടകളിലെത്തിച്ച ഗോതന്പിലാണ് ഉയർന്ന തോതിൽ സെലേനിയം കണ്ടെത്തിയത്.
മണ്ണിലും വെള്ളത്തിലും ചില ഭക്ഷണപദാർഥങ്ങളിമുള്ള ധാതുവാണ് സെലേനിയം. മനുഷ്യർക്ക് ചെറിയ അളവിലുള്ള സെലേനിയം ആവശ്യമാണ്. ശരീരപോഷണത്തിന് അത്യാവശ്യമായ ധാതുവാണിത്. ബുൽധാനയിലെ 18 ഗ്രാമങ്ങളിൽ ഡിസംബറിലും ജനുവരിയിലുമായി 279 പേർക്കാണു പെട്ടെന്നു മുടികൊഴിച്ചിലുണ്ടായത്. ഇവരിലേറെയും കോളജ് വിദ്യാർഥികളും പെൺകുട്ടികളുമാണ്. മുടികൊഴിച്ചിൽമൂലം പലരും കോളജുകളിൽ പോകാതെയായി. വിവാഹങ്ങൾ മുടങ്ങി.
തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. മഹാരാഷ്ട്രയിൽ ഉത്പാദിപ്പിക്കുന്ന ഗോതന്പിൽ സെലേനിയത്തിന്റെ അളവ് വളരെ കുറവാണെന്ന് റായ്ഗഡിലെ ബാവസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംഡിയും പദ്മശ്രീ ജേതാവുമായ ഡോ. ഹിമ്മത്ത്റാവു ബാവസ്കർ പറഞ്ഞു. എട്ടു വയസ് മുതല് 72 വയസ് വരെയുള്ള ആളുകള്ക്ക് കഷണ്ടി ഉണ്ടാകുന്നതായി ഡോ. ബാവസ്കർ പറയുന്നു.
അതിനിടെ, അധികൃതരുടെ നിർദേശപ്രകാരം സെലേനിയം അടങ്ങിയ ഗോതമ്പ് കഴിക്കുന്നത് നിർത്തിയതോടെ ചിലരിൽ ഭാഗികമായി മുടി വളരാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര ഗോതന്പിലുള്ള സെലേനിയത്തിന്റെ 600 ഇരട്ടി അധികമാണ് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള ഗോതന്പിലുള്ളത്.