ആശുപത്രികളില്‍ വിവിധ വിഭാഗങ്ങളിലുള്ളവര്‍ കൈക്കൂലി വാങ്ങുന്നത് പുതിയ വാര്‍ത്തയല്ല. മരിച്ചയാളുടെ ശവശരീരം ആശുപത്രിയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ ആബുലന്‍സ് ആവശ്യപ്പെട്ടിട്ട് കിട്ടാതെ മൃതശരീരം ചുമന്നുകൊണ്ടുപോയി സംസ്കരിച്ച വാര്‍ത്തകള്‍ അടുത്ത നാളുകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കേട്ടിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. വീല്‍ച്ചെയര്‍ നല്കണമെങ്കില് കൈക്കൂലി നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൈയില്‍ കാശില്ലാതിരുന്ന രോഗി ഡോക്ടറെ കാണാനെത്തിയത് കളിവണ്ടിയില്‍.
തെലുങ്കാനയിലാണ് അത്യന്തം ഗൗരവതരവും അതേസമയം കൗതുകകരവുമായ ഈ സംഭവം നടന്നത്. 33 കാരനായ രാജു എന്നയാള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലുണ്ടായ ഒരു അപകടത്തിലാണ് രാജുവിന് തലയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനായി കഴിഞ്ഞ ആറുമാസമായി കാത്തിരിക്കുകയാണ് ഇയാള്‍. നേരത്തെ കാശു കൊടുത്താണ് വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ കഴിഞ്ഞ മൂന്ന് തവണയായി കൊച്ചുമകന്റെ കളിവണ്ടിയിലാണ് രാജു ആശുപത്രിയിലെത്തിക്കൊണ്ടിരിക്കുന്നത്.
ടോയ് സ്കൂട്ടറില്‍ നിരങ്ങി പോകുന്ന രാജുവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ മന്ത്രി കെ.ടി.രാമറാവു തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചിട്ടുണ്ടെന്നും രോഗിയുടെ വിവരങ്ങള്‍ അറിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അപകടമുണ്ടായതിന് ശേഷം രണ്ട് മാസമാണ് രാജു ഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിന് ശേഷം ഇദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. കൂടാതെ ശസ്ത്രക്രിയക്കാവശ്യമായ രക്തം കണ്ടെത്താനും ആശുപത്രി അധികൃതര്‍ ഇവരോടാവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഓരോ തവണ ചെല്ലുമ്പോഴും കിടക്കയില്ലെന്നു പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്ന് രാജുവിന്റെ ഭാര്യ സന്തോഷിയും പറയുന്നു.