തൃശൂർ: ലോകം മുഴുവൻ പുതുവർഷാഘോഷത്തിൽ തിമിർക്കുന്പോൾ ആൽഫ പാലിയേറ്റീവ് കെയർ ആഘോഷങ്ങളിൽനിന്നെല്ലാം മാറിനിൽക്കേണ്ടിവരുന്നവരുടെ ആഘോഷങ്ങൾക്കായി തൃശൂരിൽ വേദിയൊരുക്കുന്നു.
31ന് ഉച്ചയ്ക്കു രണ്ടുമുതൽ ആറുവരെ അയ്യന്തോൾ കർഷകനഗർ മൈതാനമാണ് രോഗങ്ങളും അപകടങ്ങളും മൂലം വീൽചെയറിലേക്കു ജീവിതം ഒതുങ്ങിയവരുടെയും ചലനശേഷി പരിമിതപ്പെട്ടവരുടെയും ഒത്തുചേരലിനും പുതുവർഷാഘോഷത്തിനും വേദിയാകുക. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി, സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആൽഫ പാലിയേറ്റീവ് കെയറാണ് പരിപാടിക്കു നേതൃത്വം നല്കുന്നത്.
ആൽഫയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നു പരിചരണം നേടുന്നവരും സമാന വെല്ലുവിളികൾ നേരിടുന്ന, വീൽചെയറുകളിൽ കഴിയുന്ന വിവിധ ജില്ലകളിൽനിന്നുള്ളവരുമാണ് ഒത്തുചേരലിന്റെ ഭാഗമാകുക. അവർക്കൊപ്പം തങ്ങളുമുണ്ട് എന്നു സാക്ഷ്യപ്പെടുത്തുന്ന വിദ്യാർത്ഥികളടക്കമുള്ള വലിയൊരു ജനസഞ്ചയവും ചടങ്ങിനെത്തുമെന്നു ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മസ്തിഷ്കാഘാതം, സെറിബ്രൽ പാൾസി, പാർക്കിൻസോണിസം തുടങ്ങിയ വിവിധ രോഗങ്ങൾ മൂലവും അപകടങ്ങളിൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചും കിടപ്പിലായവരും ശാരീരിക തളർച്ചയുള്ളവരുമായ മൂവായിരത്തിലേറെ പേർ ആൽഫ പാലിയേറ്റീവ് കെയറിന്റെ നാലു ജില്ലകളിൽ പ്രവർത്തിക്കുന്ന 17 കേന്ദ്രങ്ങളിലെ പുനർജനി പ്രോജക്ടിനു കീഴിൽ ചികിത്സ തേടുന്നവരായുണ്ട്.
മൈതാനത്ത് ഒരുക്കുന്ന വലിയ പന്തലിലാണ് പരിപാടി നടക്കുക. ഉച്ചയ്ക്കു രണ്ടിനു സൗജന്യ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്നു പുലിക്കളി ചമയപ്രദർശനം, ആനച്ചമയപ്രദർശനം, വെടിക്കെട്ടു സാമഗ്രികളുടെ പ്രദർശനം തുടങ്ങിയവ നടക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ, അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി പ്രസിഡന്റ് സുനിൽഘോഷ്, സെക്രട്ടറി ശ്രീകൃഷ്ണൻ, സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ചീഫ് കോ ഓർഡിനേറ്റർ വീനസ് തെക്കല എന്നിവരും പങ്കെടുത്തു.