കോട്ടയം: വീൽ ചെയറുണ്ട്. പക്ഷേ കിട്ടാനില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ പരാതിയാണിത്. അത്യാഹിത വിഭാഗത്തിൽ എട്ടോ പത്തോ വീൽചെയറുണ്ട്. പക്ഷേ ഇതെല്ലാം ഇവിടെയെത്തുന്ന ഒരു വിഭാഗം രോഗികൾ കൈയ്യടക്കുന്നു എന്നാണ് പരാതി. നടക്കാൻ വയ്യാത്ത രോഗികളെത്തിയാൽ അവരെ വീൽ ചെയറിൽ ഇരുത്തിയാൽ പിന്നെ അവർ ആശുപത്രി വിടുന്പോഴാണ് ചിലർ വീൽ ചെയർ വിട്ടു നല്കുക.
അതായത് രോഗിയെ വീൽ ചെയറിൽ ഇരുത്തി ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയാൽ അവിടെ നിന്ന് ഏതെല്ലാം ഡിപ്പാർട്ടുമെന്റിലേക്ക് പോകാനും ഇതേ വീൽചെയർ തന്നെയാവും ഉപയോഗിക്കുക. ഡോക്ടറെ കാണാനും മറ്റു ചികിത്സ തേടാനും മണിക്കൂറുകൾ വേണ്ടിവരും. ഇത്രയും സമയം വീൽ ചെയർ ചില രോഗികൾ കൈവശം വയ്ക്കുന്നതാണ് വീൽ ചെയർ അത്യാവശ്യത്തിന് കിട്ടാതെ വരുന്നത്.
ഉപയോഗം കഴിഞ്ഞ് തിരികെ അത്യാഹിത വിഭാഗത്തിൽ വീൽ ചെയർ എത്തിക്കുന്ന കാര്യത്തിൽ ആർക്കും താൽപര്യമില്ല. രോഗിയെ ഡോക്ടറുടെ മുറിയുടെ മുന്നിലെ കസേരയിൽ ഇരുത്തിയിട്ട് വീൽ ചെയർ മറ്റു രോഗികൾക്കായി നല്കേണ്ടതാണ്. പക്ഷേ പലരും ഇങ്ങനെ ചെയ്യാറില്ല.
വീൽ ചെയർ കിട്ടാതെ വന്നാൽ സെക്യൂരിറ്റിയോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. അതൊന്നും തങ്ങളുടെ ഡ്യൂട്ടിയല്ല എന്നായിരിക്കും മറുപടി. അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന രോഗിക്ക് വീൽ ചെയർ സൗകര്യം ഏർപ്പെടുത്തിയ ശേഷം തിരികെ വീ ൽചെയർ നല്കിയാലേ മറ്റു രോഗികൾക്ക് പ്രയോജനപ്പെടുകയുള്ളൂ. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ആര് ? രോഗികളോ അതോ ജീവനക്കാരോ ?