ജറുസലേം: ഇസ്രയേലിലെ ജോർദാൻ താഴ്വരയിൽ ഖനനത്തിനിടെ കണ്ടെത്തിയ ചക്രത്തിന്റെ ആകൃതിയിലുള്ള കല്ലുകൾക്കു 12,000 വർഷത്തെ പഴക്കം. പുരാതന മനുഷ്യൻ കണ്ടുപിടിച്ച ചക്രങ്ങൾ പോലുള്ള ഉപകരണങ്ങളുടെ ആദ്യ മാതൃകയാകാം ഇതെന്ന നിഗമനത്തിലാണു ഗവേഷകർ.
നടുഭാഗത്ത് സുഷിരങ്ങളുമായി കണ്ടെത്തിയ നിരവധി കല്ലുകളിൽ 48 എണ്ണത്തിന് പൂർണമായ സുഷിരങ്ങളുണ്ട്. 36 എണ്ണം ഭാഗിക ദ്വാരങ്ങളുള്ള തകർന്ന കല്ലുകളായിരുന്നു. 29 എണ്ണം ഒന്നോ രണ്ടോ ഡ്രിൽ മാർക്കുകളുള്ള പൂർത്തിയാകാത്ത കല്ലുകളും.
കല്ലുകളുടെ ആകൃതിയും അവയില്‍ നിർമിച്ച ദ്വാരങ്ങളുടെ വലിപ്പവും ചൂണ്ടിക്കാട്ടി അവ മനുഷ്യന് ബോധപൂര്‍വം നിര്‍മിച്ചവയാണെന്നു ഗവേഷകർ അവകാശപ്പെടുന്നു. ഹൈ-റെസല്യൂഷൻ 3ഡി മോഡലുകൾ ഉപയോഗിച്ചാണ് ഗവേഷകര്‍ കല്ലുകളെക്കുറിച്ചു പഠനം നടത്തിയത്. ചക്രത്തിനു സമാനമായ ഈ കല്ലുകൾ ഇസ്രയേൽ, പാലസ്തീൻ, ജോർദാൻ എന്നിവിടങ്ങളിലെ പുരാതന സംസ്കാരമായ നട്ടുഫിയൻമാരുടേതാണന്നാണ് കരുതപ്പെടുന്നത്.
ഗതാഗതത്തിനായുള്ള ചക്രങ്ങൾ കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ ചക്രങ്ങളെക്കുറിച്ച് പുരാതന മനുഷ്യൻ ചിന്തിച്ചിരുന്നുവെന്ന് ഇതിൽനിന്നു മനസിലാക്കാമെന്നു ഹീബ്രു സർവകലാശാലയിലെ പ്രഫസർ ലിയോർ ഗ്രോസ്മാൻ ചൂണ്ടിക്കാട്ടി. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളുടെ നിർണായക വഴിത്തിരിവായിരുന്നു ഈ ചക്രക്കല്ലുകളെന്നും അദ്ദേഹം പറഞ്ഞു. ജോർദാൻ താഴ്വരയിലെ നഹൽ ഐൻ-ഗേവ് IIൽ നടത്തിയ ഖനനത്തിലാണ് ചക്രാകൃതിയിലുള്ള കല്ലുകൾ കണ്ടെത്തിയത്.