പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി. സിനിമയ്ക്ക് പുറമെ നൃത്തത്തിലും ആലാപനത്തിലും മികവ് തെളിയിച്ചിരുന്നു മൈഥിലി. ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നായിരുന്നു ആദ്യം ചോദിച്ചത്. മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കൈനിറയെ സിനിമയെത്തിയതോടെ വിവാദങ്ങളും മൈഥിലിയുടെ കൂടെപ്പിറപ്പായി.
എന്നാല്‍ വിവാദങ്ങള്‍ തന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നു വ്യക്തമാക്കിയ നടി ഇതൊക്കെക്കേട്ട് വീട്ടുകാര്‍ അസ്വസ്ഥരാവുമ്പോള്‍ താനും ആശങ്കയിലാവാറുണ്ടെന്നും പറഞ്ഞിരുന്നു. പാലേരി മാണിക്യമെന്ന സിനിമയിലേക്ക് മേക്കപ്പും കോസ്്റ്റിയൂമുമൊക്കെ നോക്കിയതിന് ശേഷമാണ് അവര്‍ തന്നെ തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ മൈഥിലി പട്ടണത്തില്‍ ഭൂതമെന്ന സിനിമ കാണുകയായിരുന്നു. മമ്മൂട്ടിയെത്തി എന്നറിഞ്ഞയുടന്‍ ലൊക്കേഷനില്‍ എത്തുകയും ചെയ്തു.സിനിമയില്‍ അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആണ് സമ്മതിപ്പിച്ചത്. മോഡലിംഗിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥ. മൈഥിലി പറയുന്നു.
പാലേരി മാണിക്യം റിലീസ് ചെയ്തപ്പോള്‍ മൈഥിലിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രശംസ വാരിക്കൂട്ടിയിരുന്നുവെങ്കിലും അത് നിലനിര്‍ത്താന്‍ മൈഥിലിക്കായിരുന്നില്ല. പച്ചമരത്തണലില്‍ നിന്നും പാലേരി മാണിക്യത്തിലേക്കെത്തിയത് ഗംഭീര തുടക്കമായിരുന്നു. പിന്നീടങ്ങോട്ടും അഭിനയ പ്രാധാന്യമുള്ളതും ശ്രദ്ധിക്കപ്പെടുന്നതുമായ കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു.
കരിയറിലെ തുടക്കകാലം മുതല്‍ത്തന്നെ വിവാദങ്ങളും മൈഥിലിയെ പിന്തുടര്‍ന്നിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ പേരിലും അല്ലാതെയുമൊക്കെയായി പലവിധ വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. വിവാദങ്ങള്‍ കൂടി വരുന്നതിനിടയിലാണ് താരം സിനിമയുടെ എണ്ണം കുറച്ചത്. അഭിനേത്രിയും ഗായികയുമായ താരത്തെ പിന്നീട് കാണാനേയില്ലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌റ്റേജ് പരിപാടികളിലൂടെയാണ് താരം തിരിച്ചെത്തിയത്. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പാതിരാക്കാലമാണ് മൈഥിലി അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം.