കാട്ടാക്കട : കഴിഞ്ഞ രണ്ടു ദിവസമായി അരിക്കൊമ്പൻ എവിടെയെന്ന് വിവരമില്ല. ആനയുടെ സിഗ്നൽ കിട്ടാത്തതിനാൽ എവിടെയാണ് ഉള്ളതെന്ന് പറയാൻ വനം വകുപ്പിന് കഴിയുന്നില്ല.
അരികൊമ്പൻ കോതയയാറിനും അപ്പർകോതയറിനും ഇടയ്ക്കുള്ള നിബിഡ വനത്തിലാണ് എന്ന് പറഞ്ഞിരുന്ന തമിഴ്നാട് വനം വകുപ്പ് രണ്ടു ദിസമായി എവിടെയാണെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇന്നലെ ഇതു സംബന്ധിച്ച് തമിഴ്നാട് വനം വകുപ്പ ്വിശദീകരണകുറിപ്പ് ഇറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളത്തിലേക്കുള്ള ആനത്താരയിൽ കടന്നുവോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
കേരള വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ആന കേരള അതിർത്തിയിൽ തുടരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ നടത്തിയ നിരീക്ഷണത്തിൽ ആനയുടെ സഞ്ചാരപഥം ലഭ്യമായിട്ടില്ല.
കേരള വനം വകുപ്പ് അതിർത്തി വനത്തിൽ നിരീക്ഷണം തുടരുകയാണ്. രണ്ടു സംസ്ഥാനങ്ങൾക്കിടയിൽ അരിക്കൊമ്പൻ ഉയർത്തിയേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ കേരള വനം വകുപ്പിന് മുകളിൽ നിന്നും നിർദ്ദേശം വന്നു കഴിഞ്ഞിരുന്നു.
അരിക്കൊമ്പൻ കളക്കാട് – മുണ്ടെന്തുറ കടുവാ സങ്കേതത്തിലെ കുറ്റിയാർ അണക്കെട്ടിന് സമീപത്തുള്ള റിസർവോയറിൽ ഉണ്ടെന്ന് രണ്ടു ദിവസം മുൻപ് തമിഴ്നാട് വനം വകുപ്പ് അധികൃതർ പറഞ്ഞിരുന്നു.
കോതയാർ അപ്പർ ഡാമിൽ നിന്ന് വിഞ്ച് സ്റ്റേഷനിലേക്കുള്ള വഴിയിലെ ചെറിയ അണക്കെട്ടാണ് കുറ്റിയാർ ഡാം. കന്യാകുമാരി ജില്ലയിലെ മഞ്ചോലയിൽ നിന്ന് 20 കിലോമീറ്ററും മണിമുത്താറിൽ നിന്ന് 42 കിലോമീറ്ററും അകലെയാണ് കുറ്റിയാർ അണക്കെട്ടും നിബിഡ വനമായ റിസർവോയറും ഉള്ളത്.
ഇവിടെ നിന്നും 6 കിലോമീറ്റർ ദൂരെയാണ് കേരളത്തിലേക്ക് നീണ്ടു കിടക്കുന്ന അംബാസമുദ്രം ആനത്താരയുള്ളത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ ജീവനക്കാരും മൃഗഡോക്ടർമാരും ആന്റി പോച്ചിങ് സേനാംഗങ്ങളും ആനയുടെ നീക്കം നിരന്തരം നിരീക്ഷിക്കുന്നതായി വനം വകുപ്പ് പറയുന്നു.
അരികൊമ്പൻ 6 മുതൽ 10 കിലോമീറ്റർ വരെ നടക്കുന്ന ആന ജലസംഭരണിക്ക് സമീപം മടങ്ങിയെത്താറുണ്ട് എന്നാണ് അധികൃതർ പറയുന്നത്.
അതിനിടെ ആന കടന്നുവരാൻ സാധ്യതയുള്ള വരയാട്ടുമുടി, വെൺകുളംമേട്, ആനനിരത്തി എന്നീ നെയ്യാർ വന്യജീവി സങ്കേതത്തിലെ പ്രദേശങ്ങളിൽ വനപാലകരെ നിയോഗിക്കുകയും ചെയ്തു.
ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്.