കൊല്ലം പുനലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ വീട്ടമ്മയെ കാണാനില്ല. മകളുടെ കോളജ് ഫീസടയ്ക്കാന്‍ പോയ പുനലൂര്‍ തൊളിക്കോട് സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് മുതല്‍ കാണാതായത്. നവംബര്‍ ഒന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ബിന വീട്ടില്‍ നിന്നും പുനലൂരിലെ സ്വന്തം സ്ഥാപനത്തിലേക്ക് പോയത്.
ഉച്ചക്ക് രണ്ട് മണിക്ക് ബീന മകളുടെ ഫീസ് അടക്കുന്നതിന് വേണ്ടി വട്ടപ്പാറയിലെ കോളജിലേക്ക് പോയി. അതിന് ശേഷം ബീനയെ കുറിച്ച് ഒരുവിവരവും ലഭ്യമല്ല. രാത്രി വൈകിയിട്ടും ബീനയെ കാണാത്തതിനെ തുടര്‍ന്ന മകളുടെ കോളജില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയില്ല എന്നവിവരം ലഭിച്ചു. മോബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടാരക്കര വച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയതായി വിവരം ലഭിച്ചിട്ടുണ്ട്.
സാധാരണ ബീന ഒറ്റക്ക് മകളുടെ കോളജില്‍ പോവുക പതിവാണ്. നവംബര്‍ ഒന്നിന് ഉച്ചക്ക് ബീന ഒറ്റക്ക് പുനലൂരില്‍ നില്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. റോഡിലൂടെ നടന്ന് വരുന്നതും ബസ് കാത്ത് നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്.