മലയാളികളെ ഏറ്റവുമധികം ത്രില്ലടിപ്പിച്ച ചിത്രങ്ങളിലൊന്നാണ് മൈഡിയര്‍ കുട്ടിച്ചാത്താന്‍. മലയാളത്തിലെ ആദ്യത്തെ ത്രീഡി സിനിമ. 1984ല്‍ നവോദയയാണ് ചിത്രം പുറത്തിറക്കിയത്. ആദ്യത്തെ ത്രീഡി ചിത്രം എന്നതിലുപരി നിരവധി പ്രത്യേകതകളുണ്ട് ഈ കുട്ടിചിത്രത്തിന്. അന്ന് ഏവരെയും അതിശയിപ്പിച്ച കുട്ടികള്‍ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്ന് ആര്‍ക്കും അറിയില്ല.
സിനിമയില്‍ കുട്ടിച്ചാത്തനായി എത്തിയ കുസൃതിക്കാരന്‍ ഇന്ന് സിനിമയിലില്ല. അ പയ്യന് വളര്‍ന്ന് ഇന്നൊരു വക്കീലായിരിക്കുന്നു. കാണണമെങ്കില്‍ ഏറണാകുളത്ത് ഹൈക്കോടതിവരെ ഒന്നു വരിക. കറുത്ത കോട്ടും ഗൗണുമിട്ട് നമുക്ക് കുട്ടിച്ചാത്തനെ അവിടെ കാണാം. അഡ്വ. എംഡി രാമനാഥാണ് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും വളരെ അകലെ മാറി ഇപ്പോള്‍ വക്കീല്‍ക്കുപ്പായത്തില്‍ ഇവിടെ ജീവിതം നയിക്കുന്നത്. തിരിച്ചറിയുന്നവര്‍ക്ക് മുന്നില്‍ എന്നാല്‍ പഴയ ഓര്‍മകള്‍ അയവിറക്കി നില്‍ക്കാനൊന്നും അഡ്വ. രാമനാഥിനെ കിട്ടില്ല. പഴയ കുട്ടിച്ചാത്തന്റെ പേര് പറഞ്ഞ് ഇപ്പോഴും താരമായി നില്ക്കാന് അവസരമുണ്ടെങ്കിലും അതില്‍ നിന്നൊക്കെ ഒഴിഞ്ഞ് മാറിയാണ് ഈ നടന് ഇപ്പോള്‍ വ്യത്യസ്തനാകുന്നത്.
എംടി വാസുദേവന്‍ നായര്‍ എഴുതി കെഎസ് സേതുമാധവന് സംവിധാനം ചെയ്ത ഓപ്പോളിലൂടെയാണ് രാമനാഥിന്റെ സിനിമാപ്രവേശം. ആ ചിത്രത്തില്‍ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടുകയുണ്ടായി രാമനാഥ്. തുടര്‍ന്ന് മൈഡീയര്‍ കുട്ടിച്ചാത്തനിലും രാമനാഥ് മികച്ച ബലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടുകയുണ്ടായി. രണ്ട് ദേശീയ അവാര്‍ഡ് നേടിയിട്ടും അധികകാലം രാമനാഥ് പിന്നീട് സിനിമയില്‍ തുടര്‍ന്നില്ല. സത്യന് അന്തിക്കാടിന്റെ കളിയില്‍ അല്‍പ്പം കര്യം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ സിനിമ നടന്റെ പേരും പെരുമയൊന്നും കൂടെ കൊണ്ടുനടക്കുന്നില്ല രാമനാഥ്. അതുകൊണ്ട് തന്നെ ജീവിതം സ്വസ്ഥമെന്നും പറയുന്നു.